പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി മുൻ ഇ.ഡി ഡയറക്ടറെ നിയമിച്ചു

ന്യൂഡല്‍ഹി: എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍. ഇ ഡി മേധാവി സ്ഥാനത്ത് കാലാവധി തീര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് തവണ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് നീക്കിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര.
പ്രധാനമന്ത്രിയെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനായുള്ള സമിതിയില്‍ (ഇഎസി- പിഎം) സെക്രട്ടറി തലത്തില്‍ പൂര്‍ണ സമയ അംഗമായാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് കഴിഞ്ഞ നവംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സഞ്ജയ് മിശ്രയുടെ നിയമനം.
1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്ര 2018 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ആയിരുന്നു ഇഡി മേധാവിയായി നിയോഗിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മൂന്ന് തവണ കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. 2023 ല്‍ സുപ്രീം കോടതി ഇടപെട്ടാണ് പിന്നീട് സഞ്ജയ് കുമാറിനെ നീക്കിയത്.
സഞ്ജയ് കുമാര്‍ മിശ്ര ഇഡി മേധാവിയായി പ്രവര്‍ത്തിച്ച സമയത്താണ് രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ തുടര്‍ച്ചയായി ഇ ഡി നടപടി ഉണ്ടായത്. ഇക്കാലയളവില്‍ മാത്രം ഇ ഡി നാലായിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തില്‍ അധികം തിരച്ചിലുകളും നടത്തിയിരുന്നു.
നിലവില്‍ സുമന്‍ ബേരിയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയര്‍മാന്‍.