മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൻ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു

വൈക്കം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. കുടുംബത്തിന്റെ പ്രതിസന്ധിയിൽ ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ജോലിയിലാണ് നവനീത് ഇന്ന് പ്രവേശിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം.
കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ, പുതിയ വീടിന്റെ നിർമ്മാണം അടുത്തിടെ പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നുവെന്നും, നവനീതിന് ജോലി നൽകുന്നതോടെ സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും യാഥാർത്ഥ്യമായിരിക്കുകയാണെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മന്ത്രിക്കൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്.