ഡോക്ടർ  സുരേന്ദ്രൻ നായരുടെ നിര്യാണത്തിൽ  മിലൻ അനുശോചിച്ചു

Nov 18, 2025 - 08:13
 0  5
ഡോക്ടർ  സുരേന്ദ്രൻ നായരുടെ നിര്യാണത്തിൽ  മിലൻ അനുശോചിച്ചു

അബ്ദുൾ പുന്നയൂർക്കുളo

മിലൻ പ്രസിഡന്റ് ആന്റണി മണലേലിന്റെ വസതിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മിലൻറെ ഭാരവാഹികൾ മിലൻ സ്ഥാപക പ്രസിഡന്റ് ഡോ. സുരേന്ദ്രൻ നായരുടെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

മിലൻ സ്ഥാപകരിൽ പ്രമുഖനായ തോമസ് കർത്തനാൾ, മിലൻ വളർത്തി കൊണ്ടുവരുന്നതിൽ ഡോ. സുരേന്ദ്രൻ നായർ വഹിച്ച പങ്കും അർപ്പണ മനോഭാവവും അദ്ദേഹത്തിന്റെ സാഹിത്യസംഭവനകളും സംക്ഷിപ്തമായി വിവരിച്ചു. കർത്തനാൾ, സുരേന്ദ്രൻ നായർക്കുവേണ്ടി  'ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ' എന്ന പ്രൊ. മധുസൂദനൻ നായരുടെ കവിത ചൊല്ലി.

മിലൻ സ്ഥാപകരിൽ പ്രധാനിയായ അബ്ദുൾ പുന്നയൂർക്കുളo, സുരേന്ദ്രൻ നായർ പ്രമുഖ സാഹിത്യപ്രതിഭകളെ പങ്കെടുപ്പിച്ചു വാർഷികാഘോഷങ്ങളും ശില്പശാലകളും ദ്വൈമാസ കാവ്യസന്ധ്യകളും നടത്തിയെന്നതിലുപരി, ജാതി-മത ഭേദമന്യ ഡിട്രോയിറ്റിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഭാഷാസ്നേഹികളെ സാഹിത്യമെന്ന കുടക്കീഴിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചു എന്നത് പ്രശംസനീയമാണ്. അബ്ദുൾ, ഡോക്ടരുടെ ബഹുമാനാർത്ഥം ഭാവിയിൽ മിലൻറെ ലിറ്റററി സമ്മേളനങ്ങളിൽ ' ഡോ. സുരേന്ദ്രൻ നായർ നഗർ' എന്ന് പേരിടാൻ നിർദ്ദേശിച്ചു.

മിലൻറെ ദീർഘകാലപ്രവർത്തകനും പ്രസിഡന്റുമായിരുന്ന രാജീവൻ കാട്ടിൽ, സജീവപ്രവർത്തകനായ മോഹൻ പനങ്കാവിൽ, പ്രശസ്‌ത കഥാകൃത്തായ സാമുവേൽ ഗീവർഗീസ്, ട്രഷറർ മനോജ് കൃഷ്ണൻ, പ്രസിഡണ്ട് ആന്റണി മണലേൽ, വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത്, സെക്രട്ടറി ജയിൻ മാത്യൂസ്, മിഷിഗണിലെ പ്രശസ്‌ത RE/MAX Classic Realtor കോശി ജോർജ് എന്നിവർ സുരേന്ദ്രൻ നായരുമായി തങ്ങൾക്കുണ്ടായ ഹൃദ്യമായ വ്യക്തിബന്ധങ്ങളും ഊഷ്മളമായ ഓർമ്മകളും പങ്കുവെച്ചു.

സതീഷ് മാടമ്പത്ത് ഡോക്റ്റരുടെ ബഹുമാനാർത്ഥം 'അവർ ദൈവതുല്യർ' എന്ന സ്വന്തം കഥ അവതരിപ്പിച്ചു. ജയിൻ മാത്യൂസ് സ്ഥാപക പ്രസിഡണ്ടിന്റെ സ്മരണാർത്ഥം മിലൻ നൂതന സാഹിത്യസംരംഭങ്ങൾ തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടു. ആന്റണി, ഡോ. നായർ ലാനയുടെ മേഖലാ സമ്മേളനം ഡിട്രോയിറ്റിൽ വച്ച് നടത്തിയത് സ്മരിച്ചു. ആന്റണി ഡോക്റ്റർക്ക് സ്നേഹസൂചകമായി 'യാതമൊഴി' എന്ന കവിത ആലപിച്ചു.

അനുശോചനത്തിൽ പങ്കെടുത്ത എല്ലാവർക്കും മനോജ് നന്ദി പറഞ്ഞു.