എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025  ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന്  ബെത്‌പേജിൽ

Nov 18, 2025 - 08:54
 0  4
എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025  ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന്  ബെത്‌പേജിൽ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) "2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)",  പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്" പ്രസിഡൻറുമായ ഡോ. ബേബി സാം ശാമുവേലിന്. നൂറു ശതമാനവും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ചാരിറ്റി സംഘടനയായ ECHO, സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനുമായി ചാരിറ്റി ചെയ്യുന്ന വ്യക്തികളേയും ചെറിയ ടീമുകളെയും പ്രോത്സാഹിപ്പിക്കുവാൻ 2021 മുതൽ നടപ്പിലാക്കിയതാണ് "ECHO ഹ്യൂമാനിറ്റേറിയൻ അവാർഡ്".  2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി നൽകുന്നത്.

2013-ൽ സഹായമനസ്കരായ ആറു പേർ ചേർന്ന് രൂപം കൊടുത്ത ECHO ആഗോളപരമായി നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് ഇതിനോടകം പ്രാവർത്തികമാക്കിയത്.

 2013-ൽ ന്യൂയോർക്കിനെ ബാധിച്ച സാൻഡി കൊടുംകാറ്റിൽ ദുരിതമനുഭവിച്ചവർക്ക് സഹായഹസ്‌തം നീട്ടി.  2015-ൽ നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പ ദുരിതത്തിൽ കാത്മണ്ഡുവിൽ മുപ്പതിനായിരം ഡോളർ ചിലവഴിച്ച് ഒരു പ്രഥമിക ആരോഗ്യ കേന്ദ്രം നിർമ്മിച്ച് നൽകി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി അമ്പതിലധികം ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകി.

വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ച് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. ലോങ്ങ് ഐലൻഡിൽ മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിന് സീനിയർ വെൽനെസ്സ് പരിപാടി സംഘടിപ്പിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിർധനരായ ഒരു  കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി. അങ്ങനെ ലക്ഷ കണക്കിന് ഡോളറിൻറെ സാമൂഹിക സേവനമാണ് ECHO ഇതിനോടകം ചെയ്‌തത്‌.

രഹസ്യമായും പരസ്യമായും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ധാരാളം വ്യക്തികൾ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുവാനും സഹായിക്കുവാനുമാണ് ഹ്യുമാനിറ്റേറിയൻ അവാർഡ് എക്കോ നൽകുന്നത്.  അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് അമേരിക്കയിൽ പത്ര വാർത്തകളിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതുജന ശ്രദ്ധയിൽ അറിയിച്ച് യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചാണ്‌ അവാർഡിന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നത്. ഈ വർഷവും പത്രവാർത്തകൾ നൽകി അപേക്ഷകൾ ക്ഷണിച്ചാണ് അവാർഡിന് അർഹനായ ഡോ. ബേബി സാം ശാമുവേലിനെ തിരഞ്ഞെടുത്തത്. നവംബർ 15 ശനിയാഴ്ചയായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോ. ബേബി സാം, വർഷങ്ങളായി ഒമാനിൽ സേവനം ചെയ്തതിന് ശേഷം കഴിഞ്ഞ ഏതാനും വർഷമായി ന്യൂയോർക്കിലേക്ക് കുടിയേറി പാർക്കുന്നു. ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന വ്യക്തിയാണ് സാം. നിർധനരായവരെ സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തകനായും അതിനേക്കാൾ ഉപരിയായി നിരവധി പേർക്ക് മെന്ററായും, സോഷ്യൽ ഇമ്പാക്റ്റ് ലീഡറായും, സാമൂഹിക സംരംഭകനായും, നൂറുകണക്കിന് യുവാക്കൾക്കും കോർപ്പറേറ്റ് ജീവനക്കാർക്കും പരിശീലകനായും, സാമൂഹിക ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന സാമൂഹിക പരിഷ്കർത്താവായും അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, സൈക്കോളജിയിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദവും മാനേജ്മെൻറ് സ്റ്റഡീസിൽ ഡോക്ടറേറ്റും നേടിയ ഡോ. സാം നല്ലൊരു എഴുത്തുകാരനും, പ്രഭാഷകനും കൂടിയാണ്. പ്രഭാഷകരും വിവിധ മേഖലകളിലെ പ്രഗത്ഭരും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന TEDx പ്ലാറ്റ്‌ഫോമിൽ പല തവണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.  നിരവധി അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളും ഇരുന്നൂറിലധികം അന്തർദേശീയ മുഖ്യ പ്രഭാഷണങ്ങളും അദ്ദേഹത്തിന് സ്വന്തമായി അവകാശപ്പെടാനുണ്ട്.  "മഹാത്മാഗാന്ധി സമ്മാൻ അവാർഡ്" ഉൾപ്പടെ പത്തിലധികം ദേശീയ അന്തർദേശീയ അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ഒമാനിൽ പ്രവർത്തിക്കുമ്പോൾ "നോളേഡ്ജ്  ഒമാൻ" (Knowledge Oman) എന്ന ഒമാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയുടെ വൈസ് ചെയർമാനായിരുന്നു. അതോടൊപ്പം "ഇന്ത്യൻ സ്‌കൂൾസ് ഇൻ ഒമാൻ" എന്ന സംഘടനയുടെ മുൻ ചെയർമാനുമാണ്.  "അന്നവും അക്ഷരവും ആദരവോടെ പങ്കിടുക" എന്ന ആപ്‌തവാക്യവുമായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 2016 ഒക്ടോബറിൽ  ഫാദർ ബോബി ജോസ് കട്ടിക്കാടൻ ആരംഭിച്ച "അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്"-ൻറെ പ്രസിഡന്റായി പ്രവർത്തിക്കുന്നു.

 ഒരു നേരത്തെ ഭക്ഷണം കഴിക്കുവാൻ നിർവ്വാഹമില്ലാത്ത നൂറു കണക്കിന് ആളുകൾക്കാണ് അഞ്ചപ്പം ട്രസ്റ്റിലൂടെ ദിവസവും ഭക്ഷണം നൽകി വരുന്നത്.   മണ്ണിനും മാനവീകതയ്ക്കും പ്രാധാന്യം നൽകി സ്വാസ്ഥ്യം തേടുന്നവർക്ക് ഒരു കംപാഷൻ ഹബ്ബായി മാറുന്ന ഫാദർ ബോബി ജോസ് കട്ടിക്കാടൻ (കപ്പൂച്ചിയൻ) വിഭാവനം ചെയ്ത "താവു കാവ് കംപാഷൻ ഹബ്ബ്" (TAU KAVU COMPASSION HUB) എന്ന  പ്രസ്ഥാനത്തിൻറെ "താവു കമ്മ്യൂണിറ്റി ട്രസ്റ്റ്" പ്രസിഡൻറ് കൂടിയാണ്  ഡോ. ബേബി സാം. 

ഭിന്ന ശേഷിക്കാർക്കുള്ള മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ് ഇന്ത്യയുടെ (Mobility In Dystrophy Trust India - MIND Trust  India) ഉപദേശക സമിതി ചെയർപേഴ്‌സൺ, പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് സ്ഥാപിച്ച ഡിഫറെൻറ് ആർട്ട് സെൻറർ (Different Arts Center-DAC) അഡ്വൈസറി ബോർഡ് അംഗം, ABBOTT HOUSE USA-യുടെ ഡയറക്ടർ, ന്യൂയോർക്ക് കൗൺസിൽ ഓഫ് നോൺ പ്രോഫിറ്റസ് (NYCON) ഡയറക്ടർ, ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ  നാഷണൽ കൗൺസിൽ ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (NCTE) അക്കാദമിക് അഡ്വൈസറി മെമ്പർ,  ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് സിറ്റിവൈഡ് അഡ്‌മിനിസ്‌ട്രേഷൻ സർവീസസ് (NYC DCAS) ഡയറക്ടർ  എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത സാമൂഹിക പ്രതിബദ്ധതാ സംരംഭങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയും നല്ലൊരു മനുഷ്യസ്നേഹിയുമായ വ്യക്തിയെയാണ് ECHO ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

നല്ലൊരു എഴുത്തുകാരൻ കൂടിയായ ബേബി സാം രചിച്ച  "കനമേതുമില്ലാതെ",  "ഗാന്ധി"  എന്നീ രണ്ട് ബുക്കുകൾ ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.എസ്.എസ്.  പ്രസിദ്ധീകരിച്ച "Twelve Plus"  എന്ന പുസ്തകമാണ് സാമിന്റെ ഏറ്റവും പുതിയ രചന.

 

2025 നവംബർ 22 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ബെത്‌പേജിലുള്ള ദി സ്റ്റെർലിങ് (The Sterling Banquet Hall, 345 Hicksville Road, Bethpage, NY 11714) എന്ന ബാങ്ക്വറ്റ് ഹാളിൽ ECHO നടത്തുന്ന  വാർഷിക ഡിന്നർ അവാർഡ് നെറ്റിൽ (Annual Fundraiser Dinner & Award Night) പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കളുടെയും സുഹൃത്തുക്കളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിക്കുന്നതാണ്.  പ്രശസ്ത മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുന്നതാണ്.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : (516) 902-4300.  വെബ്സൈറ്റ്:  www.echoforhelp .org .