അരനൂറ്റാണ്ട് പാരമ്പര്യമുള്ള ന്യൂയോർക്ക് കേരളാ സമാജം മുൻ പ്രസിഡന്റുമാരുടെ പ്രസിഡന്റ്‌സ് ഫോറം രൂപീകരിക്കുന്നു

മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അഞ്ചു പതിറ്റാണ്ടിലധികം പ്രവർത്തി പരിചയമുള്ള കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയ്ക്ക് ജന്മം നൽകി കൈപിടിച്ച് നടത്തി അൻപത്തിരണ്ട് വയസ്സുവരെ വളർത്തിയ പ്രസിഡന്റുമാരുടെ അപൂർവ്വ സംഗമം വേറിട്ടൊരനുഭവമായി. 1972-ലെ സ്ഥാപക പ്രസിഡന്റായ പ്രൊഫ. ഡോ. ജോസഫ് ചെറുവേലി മുതൽ 2024-ലെ അൻപത്തിരണ്ടാമത് പ്രസിഡന്റ് സിബി ഡേവിഡ് വരെയുള്ള പ്രസിഡന്റുമാരിൽ, മരണപ്പെട്ടവരും അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുമായ ഏതാനും പ്രസിഡൻറ്മാരോഴികെ മറ്റ് എല്ലാവരും ഒത്തുകൂടിയപ്പോൾ അത് മറ്റൊരു ചരിത്ര മുഹൂർത്തമായിരുന്നു.
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന മഹത്തായ സംഘടനയെ ആരംഭം മുതൽ വളർത്തി ന്യൂയോർക്ക് കുടിയേറ്റ മലയാളീ സമൂഹത്തിൻറെ അഭിമാനകരമായ പ്രസ്ഥാനമാക്കി മാറ്റുകയും അതിലൂടെ മറ്റു പല സംഘടനകളുടെ വിവിധ തലങ്ങളിലേക്കും തലപ്പത്തേക്ക് വരെയും വളർത്തപ്പെട്ടവരുമായ നേതാക്കളാണ് സമാജം മുൻ പ്രസിഡന്റുമാരുടെ ശ്രേണിയിൽ ഇന്നുള്ളത്. വർഷങ്ങളായി ഈ സംഘടനയുടെ വളർച്ചക്കായി സ്വയം അർപ്പിക്കപ്പെടുകയും സ്വന്തം സമയവും, ആരോഗ്യവും, സമ്പത്തും ചിലവഴിക്കുകയും ചെയ്ത മുൻ പ്രസിഡൻറ്മാരെ ആദരിക്കണം എന്നും അവർക്കായി ഒരു ഫോറം രൂപീകരിക്കണം എന്നും നിലവിലെ പ്രസിഡൻറ് സജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് ആഗ്രഹം തോന്നിയതിനാലാണ് ഇത്തരമൊരു കൂട്ടായ്മക്ക് വേദി ഒരുക്കിയത്.
പ്രസിഡന്റ്സ് ഫോറം രൂപീകരണത്തിനായി കൂടിയ ആലോചനാ യോഗത്തിൽ നിലവിലെ സമാജം പ്രസിഡൻറ് സജി എബ്രഹാം അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി മാത്യുക്കുട്ടി ഈശോ ഏവർക്കും യോഗത്തിലേക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ചെയർമാൻ വിൻസെൻറ് സിറിയക്ക്, ട്രഷറർ വിനോദ് കെയാർക്കെ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ എന്നിവർ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പംയോഗത്തിന് നേതൃത്വം നൽകി. സമാജത്തിൻറെ മുൻകാലങ്ങളിൽ പ്രസിഡന്റായി പ്രവർത്തിക്കുകയും മരണം വഴിയായി ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടതുമായ മുൻ പ്രസിഡന്റുമാരുടെ ഓർമ്മയ്ക്ക് മുൻപിൽ ഒരു നിമിഷം സ്മരണാഞ്ജലി അർപ്പിച്ച് യോഗം ആരംഭിച്ചു. സമാജത്തിൽ ഒരു പ്രസിഡന്റ്സ് ഫോറം രൂപീകരിക്കേണ്ടത്തിന്റെ ആവശ്യകതയും മുൻ പ്രസിഡന്റുമാരുടെ ഉപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും സമാജത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനത്തിന് എത്രമാത്രം പ്രയോജനപ്പെടും എന്ന ആശയവും പ്രസിഡൻറ് സജി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
സംഘടനയിലെ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചതിനു ശേഷം പ്രസിഡൻറ് പദവിയിലെത്തിയാൽ പിന്നീട് മറ്റൊരു അഞ്ചു വർഷം ട്രസ്റ്റീ ബോർഡ് അംഗമായി പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ഭരണഘടനാ പ്രകാരമുള്ള പതിവ്. അങ്ങനെ സംഘടനയുടെ സർവ്വതോന്മുഖ വളർച്ചക്കായി പ്രസിഡൻറ് പദവിയിലെത്തുന്നവർ എട്ടും പത്തും വർഷങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ് പ്രത്യേകത. അതിനു ശേഷം ചുരുക്കം ചിലർ ഒഴികെ പലരും സംഘടനയുടെ സജീവമായ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണതയാണ് കാണാറുള്ളത്. അതിനു വിരാമം കുറിയ്ക്കുന്നതിനും മുൻകാലങ്ങളിൽ പ്രസിഡന്റുമാരായി പ്രവർത്തിച്ച പരിണിതപ്രജ്ഞരായ നേതാക്കളുടെ സാന്നിദ്ധ്യവും സഹകരണവും മാർഗ്ഗനിർദ്ദേശങ്ങളും മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു ഫോറം രൂപീകരിക്കുന്നത്.
മുൻകാല പ്രസിഡന്റുമാരായ പ്രൊഫ. ജോസഫ് ചെറുവേലിൽ (1972), ബാബു പി തോമസ് (1987), ചെറിയാൻ പാലത്തറ (1991), ഷാജു സാം (1994,2017), ജോസ് ചുമ്മാർ (2002), പ്രിൻസ് മാർക്കോസ് (2003), ലീലാ മാരേട്ട് (2004), ചാക്കോ കോയിക്കലത്ത് (2005), പോൾ കറുകപ്പിള്ളിൽ (2007), വർഗ്ഗീസ് പോത്താനിക്കാട് (2008, 2018), വിനോദ് കെയാർക്കെ (2009), വിൻസെന്റ് സിറിയക്ക് (2010, 2019, 2020), സണ്ണി പണിക്കർ (2011), വർഗ്ഗീസ് ലൂക്കോസ് (2013), തോമസ് ശാമുവേൽ (2015), ഡോ. ജേക്കബ് തോമസ് (2016), വർഗ്ഗീസ് കെ ജോസഫ് (2021), പോൾ പി ജോസ് (2022), ഫീലിപ്പോസ് കെ ജോസഫ് (2023), സിബി ഡേവിഡ് (2024) എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും, പുതിയ ഉദ്യമത്തെ പ്രശംസിച്ച് എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു.
മെയ് മാസം 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പ്രവർത്തനോദ്ഘാടനവും വിഷുഈസ്റ്റർ ആഘോഷത്തോടുമനുബന്ധിച്ച് പ്രസിഡന്റ്സ് ഫോറം രൂപീകരണം ഔദ്യോഗികമായി നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: (1) സജി എബ്രഹാം, പ്രസിഡന്റ് (917-617-3959); (2) മാത്യുക്കുട്ടി ഈശോ, സെക്രട്ടറി (516-455-8596); (3) വിനോദ് കെയാർക്കെ, ട്രഷറർ (516-633-5208).