ലൈംഗികാതിക്രമ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

ലൈംഗികാതിക്രമ കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത്. വിചാരണ കോടതി മുന്‍മന്ത്രിയെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച കേസിലാണ് ഹൈക്കോടതി ഇപ്പോള്‍ കുറ്റവിമുക്തനാക്കിയത്.
ശിക്ഷയ്‌ക്കെതിരെ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന സമാന വിധത്തിലുള്ള കേസില്‍ നീലലോഹിതദാസന്‍ നാടാരെ 2008ല്‍ അതിവേഗ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഐഎഎസ് – വനംവകുപ്പിലെ ഉദ്യോഗസ്ഥ എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥര്‍ പരാതിക്കാരായ കേസുകളിലാണ് വിചാരണ കോടതി ശിക്ഷ വിധിക്കുകയും പിന്നീട് കാലം കഴിയുമ്പോള്‍ അപ്പീല്‍ കോടതികള്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുന്നത്.
നീലലോഹിതദാസന്‍ നാടാര്‍ വനം മന്ത്രിയായിരുന്ന കാലത്താണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ നിലവിലെ കേസ്. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ശേഷം ഉടന്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ തന്നേ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയതോടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി കാണിച്ച് പൊലീസില്‍ തന്നെ പരാതി നല്‍കിയത്. വനംവകുപ്പിലെ ഉദ്യോഗസ്ഥ ഡിജിപിക്ക് പരാതി നല്‍കുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.