ജീവപര്യന്തം തടവുകാരെ കാലാവധി കഴിഞ്ഞാല്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

Aug 12, 2025 - 17:34
 0  4
ജീവപര്യന്തം തടവുകാരെ കാലാവധി കഴിഞ്ഞാല്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ജീവിതാവസാനം വരെ തടവ് എന്നു പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ജീവപര്യന്തം തടവുകാരെ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കാമെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ജയിലുകളില്‍ ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും തടവുകാര്‍ ജയിലില്‍ തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ മനോഭാവം തുടര്‍ന്നാല്‍ എല്ലാ കുറ്റവാളികളും ജയിലില്‍ മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

ജീവിതാവസാനം വരെ തടവിന് ശിക്ഷിക്കാത്തവരെ ഇത്തരത്തില്‍ വിട്ടയയ്ക്കാന്‍ ഇളവ് ഉത്തരവ് ആവശ്യമില്ലന്നും ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2002ലെ ഡൽഹിയിലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്‌ദേവ് പെഹല്‍വാന്‍ നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.

കൊലക്കേസില്‍ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ജയില്‍മോചനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് സുഖ്‌ദേവ് പെഹല്‍വാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുഖ്ദേവിന് മൂന്നു മാസത്തെ താല്‍ക്കാലിക മോചനം അനുവദിച്ച ശേഷമാണ് ഹര്‍ജി കോടതി പരിഗണിച്ചത്. ഡല്‍ഹി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് സുപ്രീംകോടതി ഉത്തരവുണ്ടായിരിക്കുന്നത്.

രാജ്യത്തെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത നിരവധിപേരാണുളളത്.