ഡ്രോണ്‍ പറത്തി കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; ദിലീപിന്റെ സഹോദരി മാധ്യമങ്ങൾക്കെതിരെ പരാതി നൽകി
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഡിസംബർ എട്ടിന് രാവിലെ നടൻ ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് സഹോദരി എസ്.ജയലക്ഷ്മി ആലുവ പോലീസിൽ പരാതി നൽകി.
റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കെതിരെയും അവയിലെ ജേണലിസ്റ്റുകൾക്കെതിരെയും ആണ് പരാതി. വീടിന്റെ മുകളിൽ ഡ്രോൺ പറത്തി ദിലീപിന്റെയും വീട്ടിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
ദിലീപ് മാത്രമായിരുന്നില്ല ലക്ഷ്യം, ഒപ്പം താമസിക്കുന്ന താനുൾപ്പെടെ ഉള്ളവരുടെ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി പകർത്തിയെന്നും ഇത് ചാനലുകൾ തുടർച്ചയായി സംപ്രേഷണം ചെയ്തെന്നും പരാതിയിൽ പറയുന്നു. സ്വകാര്യ വസതിക്ക് മുകളിൽ ഇങ്ങനെ ഡ്രോൺ നിരീക്ഷണം നടത്താൻ മാധ്യമങ്ങൾക്ക് അധികാരമില്ലെന്നും ഇത് ക്രിമിനൽ അതിക്രമമാണെന്നും പരാതിയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാർ, റിപ്പോർട്ടർ ടിവിയിലെ ഡോ.അരുൺ കുമാർ തുടങ്ങിയവർക്കെതിരെയും, ചാനൽ മാനേജ്‌മെന്റുകൾക്ക് എതിരെയുമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.