ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച് ട്രംപ്; തീരുവ 18 ശതമാനമായി കുറയ്ക്കും

Feb 3, 2026 - 06:06
 0  5
ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച്  ട്രംപ്; തീരുവ 18 ശതമാനമായി  കുറയ്ക്കും

ന്യൂഡൽഹി: ഏറെ കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ  അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകിയതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാൾഡ് ട്രംപ് ടെലിഫോണിലൂടെ സംസാരിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നിർണായകമായ ധാരണയിലെത്തിയത്.

ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന താരിഫ് ചുമത്തിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കരാർ. ഈ താരിഫുകളിൽ 25 ശതമാനം റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ വ്യാപാരത്തിന്മേലായിരുന്നു. ഇത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്ന് യുഎസ് ആരോപിച്ചു

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. 'ഇന്ന് രാവിലെ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അദ്ദേഹം എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും തന്റെ രാജ്യത്തിന്റെ ശക്തനും ആദരണീയനുമായ നേതാവുമാണ്' എന്നായിരുന്നു ട്രംപ് കുറിച്ചത്. 'വ്യാപാരവും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെ പല വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും, ഒരുപക്ഷേ വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനും അദ്ദേഹം സമ്മതിച്ചു. ഇത് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും' ട്രംപ് പോസ്‌റ്റിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും, അദ്ദേഹത്തിന്റെ അഭ്യർത്ഥനയും പരിഗണിച്ച്, യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാറിന് ധാരണയായതായി ട്രംപ് പറഞ്ഞു. ഇതനുസരിച്ച് യുഎസ് ഈടാക്കിയിരുന്ന 25 ശതമാനം തീരുവ ഉടനടി 18 ശതമാനം ആയി കുറയ്ക്കും. യുഎസിനെതിരായ തീരുവകളും തീരുവ ഇതര തടസങ്ങളും പൂജ്യമാക്കി കുറയ്ക്കാൻ ഇന്ത്യയും സമ്മതിച്ചു