ദീപത്തൂണിൽ ക്ഷേത്ര ദീപം കൊളുത്താം; സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി

Jan 6, 2026 - 14:46
Jan 6, 2026 - 15:37
 0  7
ദീപത്തൂണിൽ ക്ഷേത്ര ദീപം കൊളുത്താം; സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതി

ന്യൂഡൽഹി: തിരുപ്പറങ്കുണ്ട്രം മലമുകളിലെ ദർഗയ്ക്കു സമീപമുള്ള 'ദീപത്തൂൺ' ക്ഷേത്രത്തിലെ ദീപം കൊളുത്താൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധി ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവച്ചു.

ദീപത്തൂൺ ക്ഷേത്രത്തിലെ ദീപം കൊളുത്താനുള്ളതല്ലെന്ന തമിഴ്നാട് സർക്കാരിന്‍റെ വാദം തള്ളിയാണ് കോടതി വിധി ശരിവച്ചത്. ഇതു ജൈനമതവുമായി ബന്ധപ്പെട്ട നിർമിതിയായിരിക്കാമെന്നാണു തമിഴ്നാട് ഹിന്ദു മതധർമസ്ഥാപന വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വാദം.

ദീപത്തൂണിൽ കാർത്തികദീപം കൊളുത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ തിരുപ്പറങ്കുണ്ട്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണം നിർവഹിക്കുന്ന തമിഴ്നാട് ഹിന്ദു മതധർമ സ്ഥാപന വകുപ്പിനു വേണ്ടി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറാണു സത്യവാങ്മൂലം നൽകിയത്.