കേരളത്തില്‍ കേക്ക്, ഉത്തരേന്ത്യയില്‍ ചാണകം; ഒഡീഷയില്‍ പാസ്റ്ററെ ആക്രമിച്ച ബജറംഗ്ദള്‍ നടപടി പ്രാകൃതം എന്ന് ചെന്നിത്തല

Jan 24, 2026 - 15:15
 0  5
കേരളത്തില്‍ കേക്ക്, ഉത്തരേന്ത്യയില്‍ ചാണകം; ഒഡീഷയില്‍   പാസ്റ്ററെ  ആക്രമിച്ച   ബജറംഗ്ദള്‍   നടപടി പ്രാകൃതം എന്ന്  ചെന്നിത്തല

ഒഡീഷയില്‍ വൈദികനെ ആക്രമിച്ച ബജറംഗ്ദള്‍ നടപടി പ്രാകൃതം എന്ന് രമേശ് ചെന്നിത്തല. തടഞ്ഞ് മര്‍ദ്ദിച്ച് ചാണകം തീറ്റിക്കുന്ന ക്രൂരത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ബഹുസ്വരതയിലാണ് ഇന്ത്യ എന്ന മഹത്തായ ആശയം. ജയ്ശ്രീറാം വിളിപ്പിക്കുക, ചെരുപ്പ് മാല അണിയിപ്പിക്കുക എന്നതൊക്കെ ചിന്തിക്കാന്‍ കഴിയാത്ത അപരിഷ്‌കൃതമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു

മുസ്ലിങ്ങളെയും ക്രൈസ്തവരെയും ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമാണ് രാജ്യത്ത് നടക്കുന്നത്. ബിജെപി ഭരണകൂടങ്ങള്‍ എല്ലാ ഒത്താശയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍ എന്തുവില കൊടുത്തും എതിര്‍ക്കണം. സംഘപരിവാര്‍ ശക്തികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്:

 'ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനവും ഫാസിസത്തിന്റെ ക്രൂരമുഖവുമാണ് ഒഡീഷയില്‍ കണ്ടത്. സംഘപരിവാറിന്റെ പോഷക സംഘടനയായ ബജരംഗദളിന്റെ പ്രവര്‍ത്തകര്‍ ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവച്ചുമര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം പ്രാകൃതവും, മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്.

ബഹുസ്വരതയിലും മതനിരപേക്ഷതയിലുമാണ് ഇന്ത്യ എന്ന മഹത്തായ ആശയം കുടികൊള്ളുന്നത്. ക്രൈസ്തവ വൈദികനെ ചെരുപ്പമാലഅണിയിക്കുന്നതും, ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും, മര്‍ദ്ദിക്കുന്നതും ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അപരിഷ്‌കൃതത്വമാണ്. മതവിശ്വാസം പുലര്‍ത്തുക, അത് പ്രചരിപ്പിക്കുക, ആചരിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. അതിനെ ഇല്ലാതാക്കിയാല്‍ ഇന്ത്യ എന്ന ആധുനിക രാഷ്ട്രം തന്നെയാണ് ഇല്ലാതായി തീരുന്നത്.

 മുസ്ലീം ക്രൈസ്തവ ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങള്‍ 2014 നു ശേഷം ഇന്ത്യയില്‍ നടമാടുകയാണ്. ബിജെപി ഭരണകൂടങ്ങള്‍ അതിന് എല്ലാവിധ ഒത്താശയും ചെയ്യുന്നു. ന്യുനപക്ഷങ്ങളെ ഇല്ലാതാക്കി ഒരു മതരാഷ്ട്രമാണ് സ്ഥാപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തുവില കൊടുത്തും ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

കേരളത്തില്‍ ക്രൈസ്തവര്‍ക്ക് നല്‍കാന്‍ കേക്കുമായി വീടുകള്‍ കയറുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുകയാണ്. ഈ ഇരട്ടത്താപ്പും, വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയും. ക്രിസ്തുമസ് കാലത്ത് ക്രിസ്ത്യന്‍പള്ളിയില്‍ പോയി ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം തടയുന്ന കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ല.

ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. രാജ്യത്തെ കുട്ടിച്ചോറാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിലക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും തയ്യാറാകണം.