നാറ്റോയുമായി ധാരണ; ഗ്രീൻലൻഡിൽ എതിർപ്പ് പ്രകടിപ്പിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ് ചുമത്താനുള്ള നീക്കം പിൻവലിച്ച് ട്രംപ്

Jan 24, 2026 - 19:49
 0  5
നാറ്റോയുമായി ധാരണ; ഗ്രീൻലൻഡിൽ എതിർപ്പ് പ്രകടിപ്പിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ്  ചുമത്താനുള്ള നീക്കം പിൻവലിച്ച്   ട്രംപ്

വാഷിങ്ടൺ: ഗ്രീൻലൻഡിനെ ചൊല്ലി എതിർപ്പ് പ്രകടിപ്പിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ താരിഫ് (ഇറക്കുമതി തീരുവ) ചുമത്താനുള്ള നീക്കം പിൻവലിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ഗ്രീൻലാൻഡിന്റെ ഭാവി സംബന്ധിച്ച് നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് ഫെബ്രുവരി ഒന്നുമുതൽ താരിഫ് ഏർപ്പെടുത്താനുള്ള തീരുമാനം ട്രംപ് പിൻവലിച്ചത്.

 സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽവെച്ചു നാറ്റോ സെക്രട്ടറി ജനറൽ ഗ്രീൻ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിൻ്റെ തീരുമാനം.

ഈ ധാരണ അമേരിക്കയ്ക്കും നാറ്റോ രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുമെന്നും വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ട്രംപ് അറിയിച്ചു.

നേരത്തെ, ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ അതിനായി ബലം പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെ, ഗ്രീൻലാൻഡ് തണുത്തതും മോശം സ്ഥലവുമാണ് എന്ന് വിശേഷിപ്പിച്ച ട്രംപ്, രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക യൂറോപ്പിനെ രക്ഷിച്ചെന്നും നാറ്റോയ്ക്ക് അമേരിക്ക നൽകിയ സംഭാവനകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീൻലാൻഡ് ആവശ്യപ്പെടുന്നത് വളരെ ചെറിയ കാര്യമാണെന്നും പറഞ്ഞു. ബലം പ്രയോഗിച്ചാൽ തടയാനാവാത്ത ശക്തിയായിരിക്കുമെന്നും എന്നാൽ അത് ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കി.