സാങ്കേതിക തകരാർ; ദുബൈയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
                                ദുബൈ: ദുബൈ- മംഗലാപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പ് റദ്ദാക്കി. യാത്രക്കാരെ തിരികെ എയർപോർട്ടിലേക്ക് മാറ്റിയതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി 11.40-ന് ദുബൈയിൽ നിന്ന് പുറപ്പെടേണ്ട ഐ.എക്സ്. 814 (IX 814) ആണ് ടേക്ക് ഓഫിന് തൊട്ടു മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും, വിമാനത്തിലെ ക്രൂവിൻ്റെ ഡ്യൂട്ടി സമയം അവസാനിച്ചിരുന്നു. ഇതോടെ വിമാനം തിങ്കളാഴ്ച രാത്രി വരെ ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കിയതിനാൽ ബാധിതരായ യാത്രക്കാർക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഒരു ദിവസത്തെ താമസമുണ്ടായി. യാത്രക്കാർക്കായി വിമാനക്കമ്പനി നിരവധി സൗകര്യങ്ങൾ ഒരുക്കി. യാത്രക്കാർക്ക് ദുബൈയിലെ എയർപോർട്ട് ഹോട്ടലിൽ ഭക്ഷണത്തോടുകൂടിയ താമസം അറേഞ്ച് ചെയ്തു നൽകി. കൂടാതെ, യാത്രക്കാർക്കായി, കണക്റ്റിംഗ് ഫ്ലൈറ്റുകൾ, യാതൊരു നിരക്കുമില്ലാതെ ടിക്കറ്റ് പുനഃക്രമീകരിക്കാനുള്ള സൗകര്യം അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യാനുള്ള സൗകര്യം എന്നിവ വാഗ്ദാനം ചെയ്തു. മാത്രമല്ല, ഹോട്ടലിൽ താമസിക്കാൻ തീരുമാനിച്ച യാത്രക്കാർക്കായി തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനം (IX824) ഏർപ്പെടുത്തി. 110-ൽ അധികം യാത്രക്കാർ തിങ്കളാഴ്ചത്തെ പ്രത്യേക വിമാനം തെരഞ്ഞെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ദുബൈ-മംഗലാപുരം വിമാനമായ IX832 ഉം റദ്ദാക്കി. ഈ വിമാനത്തിലെ യാത്രക്കാർക്കും സമാനമായ റീബുക്കിംഗ് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.