ചിന്നുവിന്റെ അടുത്തെത്താനുള്ള ധൃതിയിൽ ഞാൻ വേഗം നടന്നു.
മുറിയിൽ രമ്യ ടീച്ചറും അവളും കൂടി ചിത്രരചനയിൽ മുഴുകിയിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ഞാനില്ലാത്തപ്പോൾ ചിന്നുവിനെ ഇത്ര ശാന്തയായി മുമ്പ് കണ്ടിട്ടില്ല. രമ്യ ടീച്ചറിനെ അവൾക്ക് അത്ര ഇഷ്ടമായതുകൊണ്ടാണ് അവൾ സ്വസ്ഥയായി ഇരിക്കുന്നത്. എന്നെ കണ്ട് രമ്യ ചിരിച്ചു.
"നോക്കൂ വരദേ, ചിന്നു എത്ര നന്നായി ചിത്രം വരക്കുന്നു എന്ന്. ഇതു കണ്ടാൽ ഇവൾ ബുദ്ധിയില്ലാത്ത കുട്ടിയാണെന്ന് ആരെങ്കിലും പറയുമോ?"
നോക്കിയപ്പോൾ അവൾ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീയെ വരച്ചു വച്ചിരിക്കുന്നു. ഒരുപക്ഷേ എന്നെ തന്നെയായിരിക്കാം അവൾ വരച്ചതെന്ന് തോന്നി.
അല്പം മുമ്പ് ഞാനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നുവല്ലോ. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അറിയാതെയെങ്കിലും അങ്ങനെയൊരു ചിത്രം അവളുടെ മനസ്സിൽ ഉടലെടുത്തതാകാം. ചിന്നുവിനെയും കൊണ്ട് എത്ര തവണ സ്കൂട്ടറിൽ യാത്ര ചെയ്തിരിക്കുന്നു. അവൾ അതോർത്ത് വരച്ചതായിരിക്കാം.
അവളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു,
"എന്റെ മോൾ മിടുക്കിയാണല്ലോ."
ചിത്രരചനയിൽ മുഴുകിയിരിക്കുന്ന അവൾ അത് കേട്ടില്ലെന്നു തോന്നി. വീണ്ടും വാക്കുകൾ ആവർത്തിച്ചു. ഒന്നുരണ്ടു പ്രാവശ്യം കൂടി പറഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി. ഇത്തവണ അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയുണ്ടായിരുന്നു.
"മ്മ..." അങ്ങനെ പറഞ്ഞ് അവൾ ചിത്രത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. അപ്പോൾ അവൾ ഒരു പ്രത്യേക രീതിയിൽ കൈകൾ വളച്ചു പിടിച്ച് സന്തോഷഭാവത്തിൽ ചിരിച്ചുകൊണ്ടിരുന്നു. ആറുമാസമുള്ള ഒരു കുഞ്ഞിന്റെ നിഷ്കളങ്കത അവളുടെ കണ്ണുകളിൽ കണ്ടു. ഇത്തവണ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. "എന്റെ മോൾ" എന്നു പറഞ്ഞ് ചിന്നുവിനെ കെട്ടിപ്പിടിച്ചു.
സാധാരണ ഇത്തരം കുട്ടികൾ ബന്ധങ്ങളൊന്നും തിരിച്ചറിയാറില്ല. ഏറ്റവും അടുപ്പമുള്ളവർക്കു തങ്ങളോടുള്ള വൈകാരിക ബന്ധങ്ങളും അവർ വേർതിരിച്ചറിയാറില്ല. എന്നാൽ ചിന്നുമോൾ താനാരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. അതോർത്താണ് കണ്ണു നിറഞ്ഞത്. അപ്പോൾ ഈ ലോകത്ത് ഏറ്റവും ഭാഗ്യവതിയായ അമ്മയാണ് ഞാനെന്നു തോന്നി.
ദോശപ്പൊതി തുറന്ന് അവൾക്ക് കുറേശ്ശെയായി വായിൽ വച്ചു കൊടുത്തു. കഴിക്കുന്നതിനിടക്ക് പതിവുപോലെ അവളുടെ വായിൽ നിന്നും തുപ്പൽ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒരു ടവ്വൽ കൊണ്ട് അതെല്ലാം തുടച്ചു നീക്കുന്നതിനിടയിൽ അവൾ വര തുടർന്നു.
ചിന്നു ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോൾ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു. വാഷ് ബേസിനടുത്തെത്തിയപ്പോൾ തനിയെ കൈയും വായും കഴുകാൻ പ്രേരിപ്പിച്ചു. ഏറെ നാൾ കൊണ്ടാണ് ഞാനവളെ അത് പഠിപ്പിച്ചെടുത്തത്.
ആദ്യം ടാപ്പ് തുറക്കുക..., കൈ കഴുകാൻ സോപ്പ് എടുക്കുക..., കൈയിൽ നല്ലതുപോലെ സോപ്പു പതപ്പിക്കുക..., പൈപ്പിനടിയിൽ കാണിച്ച് കൈ കഴുകിക്കഴിഞ്ഞാൽ വായും കഴുകുക. ഹാങ്ങറിൽ നിന്നും ടവ്വൽ എടുത്ത് കൈയും വായും തുടക്കുക... ഈ സ്റ്റെപ്സ് ഒക്കെ ഒരു കാർഡിൽ നമ്പർ ഇട്ട് രേഖപ്പെടുത്തി വച്ചിരുന്നത് അവളെ കാണിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് കുറെ അവൾക്ക് മനപ്പാഠമായിട്ടുണ്ട്.
ഇന്നിപ്പോൾ കാർഡിലെ സ്റ്റെപ്സ് അനുസരിച്ച് കൈ കഴുകി കഴിഞ്ഞ് അവൾ വെള്ളം തുറന്നിട്ട് കളിക്കാൻ തുടങ്ങി. അവളും ഞാനും ആകെ നനഞ്ഞുകുളിച്ചു.അപ്പോൾ രണ്ട് അടി കൊടുക്കാനുള്ള ദേഷ്യം തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു.
പെട്ടെന്ന് പൈപ്പ് പൂട്ടി വെള്ളം നിയന്ത്രിച്ചപ്പോൾ അവൾ അലറിക്കരയാൻ തുടങ്ങി.അപ്പോൾ പറഞ്ഞു,
"സിസ്റ്റർ വന്ന് വഴക്കുപറയും."
ഞാൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും ഭീഷണി കലർന്ന എന്റെ ഭാവവും , ഉറക്കെയുള്ള വർത്തമാനവും കേട്ടതു കൊണ്ടാവാം അവൾ കരച്ചിൽ നിർത്തി ഭയപ്പാടോടെ എന്നെ നോക്കി. അവൾ വീണ്ടും കരയാൻ ഭാവിക്കുന്നതായി തോന്നിയപ്പോൾ ചേർത്തു പിടിച്ച് മുറിയിലേക്ക് നടന്നു.
"പേടിക്കേണ്ടാട്ടോ... അമ്മ വെറുതെ പറഞ്ഞതാ...," എന്ന് തലോടി ആശ്വസിപ്പിക്കുകയും ചെയ്തു.
മുഴുവൻ നനഞ്ഞ ഞങ്ങളെക്കണ്ട് അമ്പരന്ന രമ്യയോട് നടന്നതെല്ലാം വിവരിച്ചു. ആദ്യം അവൾ പൊട്ടിച്ചിരിച്ചുവെങ്കിലും പിന്നീട് ചിന്നുവിനെ ചേർത്ത്പിടിച്ചു പറഞ്ഞു,
"ചിന്നൂനെ വെറുതെ വഴക്കു പറയണ്ട. അവൾ മിടുക്കിയാണ് "
രമ്യ ടീച്ചർ പറഞ്ഞത് മനസ്സിലായതുപോലെ ചിന്നു പുഞ്ചിരിച്ചു.
അവളുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പുതിയത് ഇടീച്ചു. ഞാനും പുതിയ സാരി മാറിയുടുത്തു. ഞങ്ങൾ ഇരിക്കുന്ന മുറിയിലേക്കും വെള്ളം തെറിച്ചു വീണിട്ടുണ്ടായിരുന്നു. തുടക്കുവാൻ വേസ്റ്റ് തുണി ഒന്നും കാണാത്തതിനാൽ റിസപ്ഷനിൽച്ചെന്ന് കാര്യം പറയാൻ തീരുമാനിച്ചു. അപ്പോഴേക്കും ചിന്നു മേശപ്പുറത്ത് ചിതറിക്കിടന്നിരുന്ന കടലാസ്സു കഷണങ്ങളൊന്നിൽ ചിത്രം വരക്കാൻ തുടങ്ങിയിരുന്നു. ഇത്തവണയും അവൾ വരക്കുന്നത് അവൾക്കേറെ പ്രിയമുള്ള ചിത്രശലഭത്തെയാണ്.
ഒരു ചെടിയിലിരിക്കുന്ന വർണച്ചിറകുള്ള ചിത്രശലഭത്തിനടുത്തായി അതിനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പെൺകുഞ്ഞിനെയാണ് അവൾ വരക്കുന്നത്
പലപ്പോഴും തോട്ടത്തിൽ പോയി അവൾ നിൽക്കാറുള്ളതു പോലെ . സ്വയം ആവിഷ്ക്കരിക്കാനും അവൾ മിടുക്കിയായിരിക്കുന്നു. അഭിമാനം തോന്നി.
ചിന്നുവിന്റെ കണ്ണുകളിലും ഒരു ചിത്രശലഭം ചിറകുവിടർത്തി പറക്കാൻ തുടങ്ങുന്നതായിതോന്നി. വിചിത്രവും സുന്ദരവുമായ സ്വപ്നങ്ങളിൽ മുഴുകി പറക്കാൻ വെമ്പുന്ന ഒരു ശലഭം. അതിന്റെ ചിറകുകളിൽ ചിന്നുവിനു മാത്രം കാണാൻ കഴിയുന്ന സ്വപ്നങ്ങളുടെ നിറമുള്ള തൊങ്ങലുകൾ തൂങ്ങിക്കിടപ്പുണ്ട്...
ഈയിടെയായി ചിന്നുവിനെ കാണുമ്പോൾ ഏതോ മായികലോകത്തിൽ വെറുതെ സഞ്ചരിക്കാൻ വെമ്പുന്ന മനസ്സിനെ അടക്കി നിർത്തി.
ഹോസ്പിറ്റലിലെ റിസപ്ഷനിൽച്ചെന്ന് മുറി വൃത്തിയാക്കിത്തരുവാൻ ആളെ അയക്കുവാൻ ആവശ്യപ്പെട്ടു.
അല്പം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിലെ ഒരു ലേബർ സ്റ്റാഫ് എത്തി മുറിയും ബാത്റൂമും വൃത്തിയാക്കാൻ തുടങ്ങി. അതിനിടക്ക് ഞാനും രമ്യയും കട്ടിലിലിരുന്ന് കാന്റീനിൽ നിന്നു വാങ്ങിയ ദോശ കഴിച്ചു.
കുറച്ചുകൂടി കഴിഞ്ഞപ്പോൾ ഡോക്ടർ ആഷിക് എത്തി. ഡോക്ടർ ചിന്നുവിന്റെ കയ്യിലെ ചിത്രം കണ്ടു.
അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു, "ചിന്നു നന്നായി വരക്കുന്നുണ്ടല്ലോ."
"അതെ ഡോക്ടർ, അവൾക്ക് വരയ്ക്കാൻ വലിയ ഇഷ്ടമാണ്. അവളെ ആകർഷിക്കുന്ന എന്തു കണ്ടാലും അപ്പോൾ ചിത്രമായി പകർത്തി വയ്ക്കും."
"ഇതൊരു നല്ല ടാലന്റ് ആണ്. നിങ്ങൾ ചിന്നുവിനെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഒരു പക്ഷെ ഇതൊരു നല്ല ഭാവി കരുപ്പിടിപ്പിക്കുവാൻ അവളെ സഹായിക്കും. അവളെ ധാരാളം കോമ്പറ്റീഷനിലും മറ്റും പങ്കെടുപ്പിക്കണം."
"ശരി ഡോക്ടർ," ഞാൻ പറഞ്ഞു.
അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു പേന എടുത്ത് ചിന്നുവിന് സമ്മാനിച്ചു. എന്നിട്ടു പറഞ്ഞു, "മിടുക്കി, ഇനിയും വരക്കണം കേട്ടോ."
ചിന്നു അപ്പോൾ ഡോക്ടറെ നോക്കി ശബ്ദമുണ്ടാക്കി ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തു. തനിക്ക് ഇഷ്ടപ്പെട്ട പേന ഡോക്ടർ അങ്കിൾ സമ്മാനിച്ചതിലുള്ള ആഹ്ലാദപ്രകടനമായിരുന്നു അത്.ആ ആഹ്ലാദപ്രകടനം അൽപനേരം നീണ്ടു നിന്നു.
പെട്ടെന്ന് വരച്ചു കൊണ്ടിരുന്ന ചിത്രം എടുത്ത് മുഖത്തോട് ചേർത്ത് അവൾ ഉമ്മ നൽകി. എന്നിട്ടു പറഞ്ഞു, "മ്മ.."
അതു കേട്ട് ഡോക്ടർ ചോദിച്ചു, "ചിന്നു വരച്ചത് അമ്മയെയാണ് അല്ലേ?"
ആ ചോദ്യം കേട്ടിട്ടും ഒന്നും മനസ്സിലാകാത്തതു പോലെ അവൾ ഇരുന്നു. ചിന്നുവിന്റെ താടിയിൽ തട്ടിയ ശേഷം അദ്ദേഹം എന്റെ നേരേ തിരിഞ്ഞു.
"ഇത്തരം കുട്ടികൾ പലപ്പോഴും ബന്ധങ്ങളെ തിരിച്ചറിയാറില്ല. പക്ഷെ അവർക്ക് വാത്സല്യവും സ്നേഹവും പകർന്നു നൽകുന്നവരോടായിരിക്കും അറ്റാച്ച്മെന്റ് കൂടുതൽ. ഇവിടെ ചിന്നു നിങ്ങൾ അമ്മയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതൊരു നല്ല ഡവലപ്മെന്റാണ്. അതുകൊണ്ടാണ് അവൾ നിങ്ങളെ വരച്ചത്. ചിന്നു അല്പം മുതിർന്ന കുട്ടിയായെങ്കിലും ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണ്. അവളുടെ ശക്തിയും ആശ്രയവുമെല്ലാം നിങ്ങളാണ്."
ഡോക്ടർ അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.
പെട്ടെന്ന് ഡോക്ടർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
"ഇതെല്ലാം നിങ്ങളെ സന്തോഷിപ്പിക്കുകയാണ് വേണ്ടത്. യൂ ആർ ലക്കി മിസിസ് വരദ. ഷീ ഈസ് ദ ഗിഫ്റ്റ് ഫ്രം ഗോഡ് ആൻഡ് മേക്കിങ്ങ് യൂ എ ഗുഡ് പാരന്റ്."
അദ്ദേഹം അതു പറയുമ്പോൾ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു. ചിന്നു തങ്ങളുടെ ഭാഗ്യമാണെന്ന തിരിച്ചറിവിൽ എന്റെ മനസ്സും നിറഞ്ഞു. നന്ദിസൂചകമായി ഡോക്ടറെ നോക്കി നിൽക്കുമ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു,
"നാളെ ചിന്നുവിനെ ഡിസ്ചാർജ് ചെയ്യാം എന്ന് തോന്നുന്നു. നാളെ ഏതാണ്ട് ഉച്ചയോടു കൂടി നിങ്ങൾക്ക് പോകാൻ കഴിയും."
ഡോക്ടറോട് കൈകൂപ്പി നന്ദി പറഞ്ഞു.
വാതിൽക്കൽവരെ എത്തി അദ്ദേഹത്തെ യാത്രയാക്കി. അപ്പോഴേക്കും യാത്ര പറഞ്ഞു പോകാനായി രമ്യ ഇറങ്ങി വന്നു.
"ഞാൻ പൊക്കോട്ടെ വരദേ . എന്റെ ആവശ്യം ഇനി ഇവിടെ ഇല്ലല്ലോ?"
"ശരി രമ്യേ, നാളെ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ സ്കൂളിലേക്ക് വരാം."
അവൾ ചിന്നുവിന്റെ അടുത്തെത്തി ആ താടിയിൽ പിടിച്ചു.
"ടീച്ചറമ്മ പൊക്കോട്ടെ?"
ചിന്നു നിഷ്കളങ്കതയോടെ അവളെ നോക്കി. അവൾ ചിരിച്ചുകൊണ്ട് ചിന്നുവിന്റെ കവിളിൽ ഉമ്മ നൽകി.
എന്നെക്കഴിഞ്ഞാൽ അവൾക്ക് ഏറ്റവും അടുപ്പമുള്ളത് രമ്യയോടാണ് . അതുകൊണ്ടു തന്നെയാണ് മോളുടെ ഏതു കാര്യത്തിനും രമ്യ ടീച്ചറിനെ കൂട്ടുവിളിക്കുന്നത്. ഇപ്പോൾ രമ്യ പോകുന്നത് കണ്ടാൽ ചിന്നു അസ്വസ്ഥയാകും എന്ന് തോന്നി. അതുകൊണ്ട് അവൾ കാണാതെ പൊയ്ക്കോളാൻ പറഞ്ഞു.
പടം വരയിൽ ശ്രദ്ധിച്ചിരിക്കുന്ന ചിന്നുവിനെ നോക്കി രമ്യ അവൾ കാണാതെ വേഗം പുറത്തുകടന്നു. എന്നെ നോക്കി ഒരിക്കൽക്കൂടി യാത്ര പറഞ്ഞ് വേഗം മുന്നോട്ട് നടന്നുനീങ്ങി.
രമ്യ പോയപ്പോൾ വാതിൽ അടച്ച് ചിന്നുവിന്റെ അടുത്തെത്തി. ശിശുസഹജമായ നിഷ്കളങ്കതയോടെ അവൾ ഇരിക്കുന്നത് കാണുമ്പോൾ ഒരു മാലാഖക്കുഞ്ഞിനെ പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച ,ഈ ലോകത്തെ ഏറ്റവും ധന്യയും ഭാഗ്യവതിയുമായ അമ്മയാണ് താനെന്ന് തോന്നിപ്പോകുന്നു. . ജീവിതം മുഴുവൻ ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കയായി ഇരിക്കാനുള്ള ഭാഗ്യം എന്റെ ചിന്നു മോൾക്ക് കിട്ടിയതിൽ അപ്പോൾ ആഹ്ലാദം തോന്നി.
ഡോക്ടറുടെ വാക്കുകൾ അപ്പോൾ ഓർമ്മ വന്നു,
"ചിന്നു ഈസ് മേക്കിങ്ങ് യൂ എ ഗുഡ് പാരന്റ്". ശരിയാണ്, ഞാൻ ഇപ്പോൾ ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല അമ്മയായിത്തീർന്നിരിക്കുന്നു. ഉള്ളിൽ പതഞ്ഞുപൊങ്ങിയ ആഹ്ലാദത്തോടെ ചിന്നുവിന്റെ അടുത്തിരുന്നു
അല്പ സമയം പടം വരച്ചു കഴിഞ്ഞപ്പോൾ ചിന്നു ഉറക്കം വരുന്നതു പോലെ എന്റെ മടിയിൽ തലചായ്ച്ചു.
"ഉക്കം വതുന്നു," അവൾ പറഞ്ഞു.
"ഉക്കം അല്ല മോളെ, ഉറക്കം."
വാചകം തിരുത്തി ഉച്ചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വീണ്ടും അതു തന്നെ ആവർത്തിച്ചു. പല പ്രാവശ്യം ആവർത്തിച്ചാൽ മാത്രമേ ചില വാക്കുകൾ അവൾ പഠിക്കുകയുള്ളൂ. ആവർത്തനത്തിലൂടെയാണെങ്കിലും ചില വാക്കുകൾ എഴുതാനും അവൾക്ക് കഴിഞ്ഞിരുന്നു. ട്രെയിനിങ് സ്കൂളിലെ എല്ലാ സ്പെഷ്യൽ കുട്ടികളെയും പഠിപ്പിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ഇതു തന്നെയാണല്ലോ എന്നോർത്തു.
സ്കൂളിലെ മറ്റു കുട്ടികളെ അപേക്ഷിച്ച് ചിന്നുവിന് അല്പം ബുദ്ധി കൂടുതലുണ്ടെന്ന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ പഠനത്തിലും കളിയിലും ഒന്നാമതെത്താൻ അവൾക്ക് കഴിഞ്ഞു.സ്കൂളിലെ സെറിബ്രൽ പ്ലാസി വന്ന ചില കുട്ടികളെപ്പോലെ ശാരീരിക അവശതകൾ ഇല്ലാത്തതും ചിന്നുവിനെ തുണച്ചു.
"മോൾ ഉറങ്ങിക്കോളൂട്ടോ," അങ്ങനെ പറഞ്ഞ് അവളെ മടിയിൽ കിടത്തി .അരികിൽ ഇരുന്ന് താളം പിടിച്ചു.
"...പാത്ത്..."
ഉറങ്ങുമ്പോൾ ഞാൻ പതിവായി പാടാറുള്ള പാട്ടിനായിട്ടാണ് അവൾ പറയുന്നത് എന്ന് മനസ്സിലായി.
"ഓമനത്തിങ്കൾക്കിടാവോ... നല്ല കോമളത്താമരപ്പൂവോ..."
അത് പാടുമ്പോൾ തള്ളവിരൽ വായിലിട്ട് ഉറുമ്പിക്കൊണ്ട് ചുരുണ്ടു കിടന്ന് അവൾ ഉറങ്ങും. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ
അവൾ ഉറങ്ങിയെന്ന് തോന്നിയപ്പോൾ അടുത്ത് നിന്ന് പതുക്കെ എഴുന്നേറ്റു. ഒരു തലയിണ എടുത്ത് തലയ്ക്കൽ വച്ച് അവളുടെ തല അതിന്മേൽ പൊക്കിവച്ചു. അതു കഴിഞ്ഞ് ചിന്നുവിനെ ശല്യപ്പെടുത്താതെ എഴുന്നേറ്റ് ഫോൺ എടുത്ത് പതിഞ്ഞ ശബ്ദത്തിൽ രാജീവേട്ടനെ വിളിച്ചു.
ഏറെ നേരം കഴിഞ്ഞാണ് ഫോണിൽ രാജീവേട്ടനെ കിട്ടിയത്. അപ്പോൾ ചിന്നുവിന് സംഭവിച്ചതെല്ലാം പറഞ്ഞു.
"ഇപ്പോൾ എങ്ങനെയുണ്ട്?"
"ഇപ്പോൾ കുഴപ്പമില്ല രാജീവേട്ടാ . അവൾ ശാന്തയായിട്ടിരിക്കുന്നു."
"നീ അവളെ മാത്രം ശ്രദ്ധിച്ചാൽ പോര, നമ്മുടെ മിന്നുവിനെക്കൂടി ശ്രദ്ധിക്കണേ വരദേ.അവൾ ചിന്നുവിനേക്കാൾ ചെറിയ കുട്ടിയാണെന്ന് ഓർക്കണം."
പെട്ടെന്നുള്ള രാജീവേട്ടന്റെ വാക്കുകൾ നിരാശ ജനിപ്പിച്ചുവെങ്കിലും അതു പ്രകടിപ്പിക്കാതെ പറഞ്ഞു,
"മിന്നുവിനെ നോക്കാൻ അമ്മയും രജിതയുമുണ്ട്. ചിന്നു മോൾക്കാണ് എന്റെ ശ്രദ്ധ കൂടുതൽ വേണ്ടത്. അവളെ എന്റെ കൺമുന്നിൽ നിന്ന് ഒരു നിമിഷം പോലും മാറ്റുവാൻ ആവുകയില്ല. അതിരിക്കട്ടെ, രാജീവേട്ടൻ എന്നാണ് അവിടെ നിന്നും ഇങ്ങോട്ട് വരുന്നത്?"
"അല്പംകൂടിതാമസം ഉണ്ട്. അപ്പോൾ ശരി, എനിക്ക് ഇപ്പോൾ ഡ്യൂട്ടിക്ക് പോകുവാൻ സമയമായി. നീ ഫോൺ വെച്ചോ."
രാജീവേട്ടൻ ധൃതിയിൽ ഫോൺ വച്ചയുടനെ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിൽ ഇട്ടു.
ചിന്നുമോളുടെ അടുത്ത് പോയി അവളെ ഉണർത്താതെ ഒരു മുത്തം നൽകി കെട്ടിപ്പിടിച്ചു കിടന്നു.
പിറ്റേന്ന് പ്രഭാതത്തിൽ ഡോക്ടർ ആഷിക് എത്തി. അദ്ദേഹം ചിന്നുവിന്റെ കവിളിൽ തട്ടിപ്പറഞ്ഞു,
"ചിന്നുവിനിന്ന് പോകാം കേട്ടോ."
അവൾ നിർവികാരതയോടെ ഡോക്ടറെ നോക്കി. അല്ലെങ്കിൽത്തന്നെ വീട്ടിൽ പോകുന്നതിൽ ചിന്നുവിന് പ്രത്യേകിച്ച് സന്തോഷം ഒന്നും തോന്നേണ്ടതില്ല അവിടെ അവളെ കാത്തിരിക്കുന്നത് നീരസങ്ങളും വെറുപ്പും ചീത്ത പറച്ചിലുകളും മാത്രം കൈമുതലായുള്ള ഏതാനും മനുഷ്യരാണ്.
ഞാനും ജാനു അമ്മയും മാത്രമാണ് അവളെ സ്നേഹിക്കുന്നത്
അതുപക്ഷെ ഡോക്ടറോട് വെളിപ്പെടുത്തുന്നത് എങ്ങനെയെന്ന് ആലോചിച്ച് മിണ്ടാതിരുന്നു.
രാവിലെ തന്നെ ഡിസ്ചാർജ് വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. ഒരു യൂബർ ഓട്ടോ ബുക്ക് ചെയ്ത് അതിൽ കയറി വീട്ടിലെത്തി.
ഞങ്ങളെ കണ്ടയുടനെ ജാനുവമ്മ മാത്രം ഓടിവന്നു.
"ചിന്നു മോൾ മിടുക്കിയായല്ലോ. ജാനുവമ്മ പായസം ഉണ്ടാക്കി വച്ചിട്ടുണ്ട്. രണ്ടു പേരും അകത്തേക്കു വാ..."
അങ്ങനെ പറഞ്ഞ് അവർ ധൃതിയിൽ അകത്തേക്കു നടന്നു.
വാതിൽക്കലപ്പോൾ നീരസം ചാലിച്ച നിരവധി മുഖങ്ങളെ കണ്ടു. അതിൽ രാജീവേട്ടന്റെ അമ്മയും, ഇളയവൾ മിന്നുവും, രാജീവേട്ടന്റെ സഹോദരി രജിതയും, ഏട്ടത്തിയമ്മ സുജാതയും, അവരുടെ മക്കൾ സുജിത്തും സുമേഷും എല്ലാം ഉണ്ട്.
അധികം അകലെയല്ലാതെ കുടുംബമായി താമസിക്കുകയാണ് രാജീവേട്ടന്റെ ഏട്ടൻ രവീന്ദ്രൻ. എങ്കിലും പലപ്പോഴായി രവിയേട്ടന്റെ ഭാര്യയായ സുജാതച്ചേച്ചിയും രണ്ടു മക്കളും തറവാട്ടിൽ എത്താറുണ്ട്. വല്ലതും വച്ചുണ്ടാക്കി ഭർത്താവിനും മക്കൾക്കും കൊടുക്കാൻ മടിയായതിനാലാണ് അവർ മക്കളോടൊപ്പം തറവാട്ടിലെത്തുന്നത് ജാനുവമ്മ ഉണ്ടാക്കി വക്കുന്നത് ഭൂരിഭാഗവും കഴിച്ചു തീർക്കുന്നത് അവരും മക്കളായ സുജിത്തും സുമേഷുമാണ്. മാത്രമല്ല ചിന്നുവിനോട് വഴക്കിടുന്നതും തടിമാടന്മാരായ അവർ ഒരു തമാശപോലെ ആസ്വദിച്ചിരുന്നു.
അവർ ചിന്നുവിനെ വെറുപ്പോടെ നോക്കുന്നത് കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നതായി തോന്നി. ഒന്നും കണ്ടില്ലെന്ന് നടിച്ച് ചിന്നുവിനെ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.
വസ്ത്രം മാറി ഊണുമുറിയിലെത്തിയപ്പോൾ ജാനുവമ്മ ഒരു ഗ്ലാസ്സിൽ പായസവുമായെത്തി.അത് ചിന്നുവിന് നൽകുവാൻ തുടങ്ങുമ്പോൾ മൂത്തവനായ സുജിത്ത് ഓടിയെത്തി. ചിന്നുവിനെ പ്രകോപിപ്പിക്കുന്നതു പോലെ അവൻ പായസഗ്ലാസ്സ് തട്ടിപ്പറിച്ചു, അതിലെ പായസം മുഴുവൻ കുടിച്ചു തീർത്തു.
ചിന്നുവിന്റെ കണ്ണുകളിലെ ശാന്തഭാവം പെട്ടെന്ന് മായുകയും അവിടെ രൂക്ഷത തളം കെട്ടുകയും ചെയ്തു.
ചിന്നു സുജിത്തിന്റെ സമീപത്തേക്ക് നീങ്ങുന്നത് കണ്ടപ്പോൾ എനിക്ക് അപകടം മണത്തു.
സുധ അജിത്
(തുടരും)