ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കി സൗദി; പരീക്ഷണ ഓട്ടം വിജയകരം

റിയാദ്: ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ആദ്യ ബസ് പുറത്തിറക്കി സൗദി അറേബ്യ. കഴിഞ്ഞ ദിവസം നിയോമിലായിരുന്നു വിജയകരമായ പരീക്ഷണ ഓട്ടം.
നിയോമിലെ പ്രധാന പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്‌ട് ഏരിയയിലായിരുന്നു പരീക്ഷണ ഓട്ടം. ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇതിനായുള്ള കരാർ പൂർത്തിയാക്കിയത്.
നിയോം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ലോകത്ത് ആദ്യമായാണ് ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ബസുകള്‍ നിരത്തിലിറങ്ങുന്നത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍, ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്ര തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ നീക്കം. ഫാസ്റ്റ് റീഫില്ലിംഗ്, ഇന്ധന ലാഭം, ശബ്ദ മലിനീകരണം തടയുക തുടങ്ങിയവ പദ്ധതിയുടെ പ്രത്യേകതയാണ്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് കമ്ബനി.