പ്രമുഖ ഫൊറൻസിക് സര്‍ജൻ ഡോ. ഷെര്‍ലി വാസു അന്തരിച്ചു

Sep 4, 2025 - 12:12
 0  8
പ്രമുഖ ഫൊറൻസിക് സര്‍ജൻ ഡോ. ഷെര്‍ലി വാസു അന്തരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്ധ ഡോ. ഷെര്‍ലി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷെര്‍ലി വാസു. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫൊറന്‍സിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെര്‍ലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോ. ഷെര്‍ലി വാസുമായിരുന്നു. 

ഫോറന്‍സിക് മേഖലയില്‍ 35 വര്‍ഷത്തെ പരിചയമുള്ളയാളാണ് ഷെര്‍ലി. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ.പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. 2001ജൂലൈ മുതല്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി.

2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. ‘പോസ്റ്റ്മോര്‍ട്ടം ടേബിള്‍’ പ്രധാന കൃതിയാണ്.

ഡോ. കെ. ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍ നന്ദന, നിതിന്‍. തൊടുപുഴ സ്വദേശിനിയാണ് ഷെര്‍ലി വാസു.