കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല

Nov 21, 2025 - 20:09
 0  4
കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല

കൊല്ലം: കാവനാട് കായലിന്റെ നടുവിൽ വച്ച് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. പാചകത്തിനായി ബോട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ചോർച്ചയാണ് തീ പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കായലിന് നടുവിൽ നിന്ന് കനത്ത പുക ഉയരുന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.

തീ കൂടുതൽ ബോട്ടുകളിലേക്ക് വ്യാപിക്കുന്നത് തടയാനായി സമീപത്തുണ്ടായിരുന്ന ബോട്ടുകൾ വേഗത്തിൽ കെട്ടഴിച്ചുവിട്ടു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റെങ്കിലും ആളപായമൊന്നുമില്ല.

കായലിന്റെ നടുഭാഗത്താണ് തീപിടിത്തം ഉണ്ടായത് എന്നതിനാൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്താൻ സാധിക്കാത്തത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി.