'ശബരിമലയിലേത് മതാതീത ആത്മീയത': ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി

Sep 20, 2025 - 09:42
 0  288
'ശബരിമലയിലേത് മതാതീത ആത്മീയത': ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ‍്യമന്ത്രി

ശബരിമലയിലേത് മതതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയൻ. പമ്പാതീരത്ത് ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം ക്ഷേത്രവരുമാനത്തിൽ നിന്നും സർക്കാർ പണം എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പസംഗമം പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി അല്ലെന്നും വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയ്ക്ക് വേറിട്ട  ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒൻപതരയോടെയാണ് മുഖ്യമന്ത്രി സം​ഗമവേദിയിൽ എത്തിയത്. തന്ത്രി സം​ഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോ​ഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സം​ഗമവേദിയിലേക്കെത്തിയത്.