കോട്ടയം മെഡി. കോളജ് കെട്ടിട അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

Jul 4, 2025 - 13:35
 0  3
കോട്ടയം മെഡി. കോളജ് കെട്ടിട അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

 കോട്ടയം  മെഡി. കോളജ്  കെട്ടിടം തകർന്ന് വീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വിശ്രുതന്റെ ഭാര്യ ഡി ബിന്ദു(52)വിന്റെ മൃതദേഹം സംസ്കരിച്ചു.  ചിതയ്ക്ക് മകൻ നവനീത് തീ പകർന്നു. സ്വന്തം വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ സഹോദരിയുടെ തലയോലപ്പറമ്പിലെ സ്ഥലത്താണ് ചിതയൊരുക്കിയത്. മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. തങ്ങളുടെ ആകെയുള്ള അത്താണിയായിരുന്ന അമ്മ ഇനി ഇല്ലെന്നത് മകൻ നവനീതിനും  മകൾ നവമിക്കും  സഹിക്കാനായില്ല  . ഇതുവരെ ഒപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ, മക്കളെ  എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ നിന്നു. 
മന്ത്രിമാർ ആരും ബിന്ദുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയില്ല. സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജോൺ സാമുവൽ റീത്ത് സമർപ്പിച്ചു.

രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. അവിടെയുണ്ടായ ദുരന്തം ജീവനെടുക്കുകയായിരുന്നു.