ന്യൂഡൽഹി: രാജ്യത്താകെ നൂറിലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി,മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
ബുധനാഴ്ച ഉച്ചവരെ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നിരവധി വിമാനത്താവളങ്ങളിൽ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി. വാർത്താ ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ട് പ്രകാരം, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുറഞ്ഞത് 33 വിമാനങ്ങളും, മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51ൽ അധികം വിമാനങ്ങളുമാണ് റദ്ദാക്കിയത്.
കൂടാതെ, ഹൈദരാബാദിൽ 19 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് വിശാഖപട്ടണം, ഗോവ, അഹമ്മദാബാദ്, ഡൽഹി, ബെംഗളൂരു, ചെന്നൈ, മധുര, ഹുബ്ലി, ഭോപ്പാൽ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോയുടെ വിമാനങ്ങളും, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ, ഹുബ്ലി, ഭോപ്പാൽ എന്നിവിടങ്ങളിലേക്കുള്ള ഔട്ട്ബൗണ്ട് വിമാനങ്ങളും റദ്ദാക്കി. കൂടാതെ, അഹമ്മദാബാദ് വിമാനത്താവളത്തിൽ 7 എത്തിച്ചേരൽ വിമാനങ്ങളും 7 പുറപ്പെടൽ വിമാനങ്ങളുമടക്കം 14 വിമാനങ്ങൾ റദ്ദാക്കി.