ബീഫ് നിരോധിച്ച് മാനേജര്‍; പിന്നാലെ ബാങ്കിന് മുന്നില്‍ ജീവനക്കാരുടെ ബീഫ് ഫെസ്റ്റ്

Aug 30, 2025 - 13:42
 0  22
ബീഫ് നിരോധിച്ച് മാനേജര്‍; പിന്നാലെ ബാങ്കിന് മുന്നില്‍  ജീവനക്കാരുടെ ബീഫ് ഫെസ്റ്റ്

കൊച്ചി: കനറാ ബാങ്ക് ശാഖലയില്‍ പുതിയതായെത്തിയ ബാങ്ക് മാനേജര്‍ ക്യാന്റീനില്‍ ബീഫ് നിരോധിച്ചതിനെത്തുടര്‍ന്ന് ബാങ്കിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച് ജീവനക്കാർ . ബാങ്കില്‍ നടത്തിയ ബീഫ് ഫെസ്റ്റിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിഹാറി സ്വദേശിയായ റീജണല്‍ മാനേജരാണ് ക്യാന്റീനില്‍ ബീഫ് വിളമ്പരുതെന്ന് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

https://x.com/i/status/1961667710561182125

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇവിടുത്തെ ക്യാന്റീനില്‍ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. എന്നാല്‍ ഇനി ബീഫ് വിളമ്പരുതെന്ന് മാനേജര്‍ ക്യാന്റീന്‍ ജീവനക്കാരെ അറിയിച്ചു. ആരെയും ബീഫ് കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ഇത് ഞങ്ങളുടെ പ്രതിഷേധമാണ്, ബെഫി ( ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍) നേതാവ് എസ് എസ് അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കേണ്ടത് മേലുദ്യോഗസ്ഥരല്ല എന്ന് സംഭവത്തോട് പ്രതികരിച്ച് കൊണ്ട് കെ ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഓഫീസിന് പുറത്ത് ബീഫും പൊറോട്ടയും വിളമ്പിയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.