മുൻ ഉപരാഷ്ട്രപതി ധൻഖർ എംഎൽഎ പെൻഷന് അപേക്ഷ നൽകി; പ്രതിമാസം ലഭിക്കുക 42,000 രൂപ

ജയ്‌പൂര്‍: രാജസ്ഥാൻ നിയമസഭാംഗമായിരുന്ന മുൻ വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധൻഖർഎംഎല്‍എ പെൻഷന് അപേക്ഷിച്ചു. അംഗീകരിക്കുന്നതിനുള്ള നടപടികൾ ക്രമങ്ങള്‍ നിയമസഭാ സെക്രട്ടേറിയേറ്റ് ആരംഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂലൈ 21 ന് വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ധന്‍ഖന്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
ഇന്ത്യയുടെ 14 -ാംമത് ഉപരാഷ്‌ട്രപതിയായാണ് ഇദ്ദേഹം സേവനമനുഷ്‌ടിച്ചത്. വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ, രാജ്യസഭയുടെ എക്‌സ്-ഒഫീഷ്യോ ചെയർമാനായും ധൻഖർ സേവനമനുഷ്‌ടിച്ചു. 1998 വരെ നിയമസഭാംഗമായിരുന്ന കാലത്ത്, ധൻഖർ 1994 മുതൽ 1997 വരെ റൂൾസ് കമ്മിറ്റി അംഗമായും സേവനമനുഷ്‌ഠിച്ചു. രാജസ്ഥാനിലെ ഓരോ മുൻ എംഎൽഎയ്ക്കും 35,000 രൂപ പ്രതിമാസ പെൻഷന് അർഹതയുണ്ടെന്ന് നിയമങ്ങൾ അനുശാസിക്കുന്നു.
കൂടാതെ, പ്രായവുമായി ബന്ധപ്പെട്ട വർദ്ധനവിനുള്ള വ്യവസ്ഥകളും ഉണ്ട്. 70 വയസിനു മുകളിലുള്ള ഒരു മുൻ എംഎൽഎയ്ക്ക് 20% അധിക പെൻഷന് അർഹതയുണ്ട്. അതുപോലെ 80 വയസിനു മുകളിലുള്ളവർക്ക് 30% വർദ്ധനവ് ലഭിക്കും. 74 വയസുള്ള മുൻ എംഎൽഎ എന്ന നിലയിൽ ധൻഖർ 20% വർദ്ധനവിന് അർഹനാണ്. ഇത് 35,000 രൂപയ്ക്ക് പകരം 42,000 രൂപ പ്രതിമാസ പെൻഷനായി മാറും.
80 വയസ് കടന്നാൽ നിയമങ്ങൾ അനുസരിച്ച് പെൻഷൻ തുക 30% കൂടി വർദ്ധിക്കും. മുൻ എംഎൽഎ എന്ന നിലയിൽ ധൻഖറിൻ്റെ പെൻഷൻ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും സ്‌പീക്കർ വാസുദേവ് ദേവ്‌നാനി പറഞ്ഞു.