അവൾ: കവിത, രമാ പിഷാരടി

അവൾ: കവിത,   രമാ പിഷാരടി
വൾ വസന്തത്തിൻ
 കുടയുമായ്-
വേനൽപ്പകലിലേയ്ക്കതാ
 നടന്നണയുന്നു
ഇരമ്പുന്ന കടൽത്തിര-
  കളിലേയ്ക്ക്
കനിവിൻ്റെ തോണി 
 തുഴഞ്ഞ് നീങ്ങുന്നു
മുടിയിൽ നക്ഷത്ര
 മണിയുന്നു, മേഘ-
ച്ചുരുളിലായ് സൂര്യ-
 കിരണം ചൂടുന്നു
ഒരു ദിനത്തിൻ്റെ
  പ്രകാശത്തിൽ നിന്ന് 
ചെരാതുകൾ വീണ്ടും 
 കൊളുത്തി വയ്ക്കുന്നു
നിഴലഴികളിൽ 
 കുരുങ്ങും കാറ്റിനെ 
നദിയിലോളത്തി-
 ലെഴുതി നീങ്ങുന്നു
എരിയുന്ന വേനൽ-
 ഹൃദയം നീറ്റുമ്പോൾ
കുളിർമഴയൊന്ന് 
 മനസ്സിൽ തൂവിയോൾ
ചുമന്ന ചെമ്പനീര-
 ടർത്തി ലോകമാ-
നടയിൽ  വച്ചപ്പോ- 
 ളവൾ ഭദ്രയായി-
കുടകപ്പാലയിൽ 
 നിലാവ് ചൂടവേ
അവളോ രാവിൻ്റെ
 മഹായക്ഷിയായി
ജടയിൽ ചോപ്പിൻ- 
 ചെമ്പരത്തി ചാർത്തവേ
അവളൊരു ഭ്രാന്ത്- 
 തികഞ്ഞ പൂവായി
പരുക്കൻ വാക്കുകൾ 
 ഒതുക്കുകല്ലിലായ്
മറച്ച് വയ്ക്കവേ 
 അവൾ ദേവിയായി.
ഉലയിട്ടുലച്ചെ-
ടുത്താലും മഞ്ഞിൻ 
 കണം പോലെ ഭൂമി-
യവളായി മാറി
തടാകമായവൾ, 
 നദിയായി പിന്നെ 
കടലായി അവൾ
 മുനമ്പുമായ് മാറി
ഒരു ദിക്കിൽ ഭൂമി 
 മറുദിക്കിൽ സൂര്യൻ
നിറയെ താരകൾ 
 മഹാചക്രവാളം
ഒരു ദിനത്തിലേയ്ക്കവൾ
  ചുരുങ്ങവേ
പ്രപഞ്ചം ഗൂഢമായ് 
 അവളിലേയ്ക്കെത്തി