കൂട് : കവിത , ശുഭ ബിജുകുമാർ

കൂട് : കവിത , ശുഭ ബിജുകുമാർ
ശാന്തസുന്ദര തീരത്ത്‌
കൂടൊരുക്കി യാത്രികൻ
നിറയെ ചന്ദ്രികയെ വെല്ലുന്ന വൈദ്യുതാലങ്കാരങ്ങൾ
പൂർണചന്ദ്രനെപ്പോൽ
രാവിൽ തെളിഞ്ഞു നിന്നു
രാപ്പാടിയുടെ ചിറകടിയൊച്ച..
മരങ്ങളിൽ സ്ഥാപിച്ച
പാട്ടുപെട്ടികളിൽ നിന്നും 
ഗാനമൊഴുകി കൂടെ
സഖിയായ് ചേരുന്നു
നീണ്ട വഴിത്താരകളിലെ
ഓരോ മരക്കൊമ്പത്തും
സുന്ദരഗാനം
പ്രഭാതത്തിൽ ഭക്തി ഗാനവും സായന്തനത്തിൽ ഗസലുമൊഴുകി
പ്രകൃതിയിൽ അലിഞ്ഞു ചേർന്നു
പതിറ്റാണ്ടുകൾ 
പഴക്കമുള്ള 
കെട്ടിടമൊന്നിൽ സുന്ദരീശില്പം
തൂത്തുവൃത്തിയാക്കിയ
മൈതാനങ്ങളിൽ
ഏകാന്തത നിറഞ്ഞു
നിന്നു
ഗൃഹാതുരത്വമുണർത്തുന്ന ചിന്തകളെ
സമ്മാനിക്കുന്ന ചേതോഹരമായൊരു
ഏകാന്തത.
മനസ്സിൽ വർണ്ണമലരുകൾ വിടർന്നു
യാത്രകളിൽ കൂടൊരുക്കുന്ന സഞ്ചാരിയ്ക്ക്
പറിച്ചു നടീൽ
സഹ്യമല്ല എങ്കിലും 
മറ്റൊരു ശാന്തിയുടെ
തീരങ്ങളിലെത്തുവാൻ
വെമ്പി നിൽക്കുന്ന മനസ്സിന്റെ പിടയൽ
അവനു മാത്രമേയറിയൂ
നഷ്ടപ്പെടലിന്റെ വ്യസനത്തിൽ വിഷാദത്തിന്റെ നനുത്ത
ശലഭങ്ങൾ മനസ്സിലേയ്ക്കിടയ്ക്ക്
സഞ്ചാരം തുടർന്നു