കേരളപ്പിറവി: കവിത, Mary Alex (മണിയ)

കേരളപ്പിറവി:  കവിത,  Mary Alex (മണിയ)
കേരളമേ  എൻ പ്രിയ കേരളമേ 
കേരം തിങ്ങും മമ ജന്മനാടേ!
കുന്നും മലയും സമതല ഭൂമിയും
കാടും പുഴകളും  ഇടകലർന്ന 
മനോഹര ദേശം മലയാളമേ,
കേരളമേ  എൻ പ്രിയ കേരളമേ!
ഇന്നു നീ ജനിച്ച നാളല്ലോ!
എന്തു പറഞ്ഞു ഞാൻ നിന്നിൽ അനുമോദനം അർപ്പിക്കേണ്ടു?
എന്തു നൽകി ഞാൻ നിനക്ക് 
ആശംസകൾ നേരേണ്ടു?
പ്രിയ ദേശമേ കേരളമേ!
എപ്രകാരമിതാഘോഷിക്കേണ്ടു?
നിനക്കിന്ന് പ്രായം അറുപത്തേഴ്,
ഷഷ്ടി പിന്നിട്ട നീ എന്തു നേടി?
ഉൽഘോഷിക്കാനേറെയുണ്ട്
ചന്ദ്രയാൻ വിക്ഷേപമെന്നും
വിദേശ കപ്പൽ വരവേൽപ്പും 
വാഗമണ്ണിലെ ചില്ലുപാലമെന്നും 
എ ഐയ് ക്യാമറ തൻ മേന്മയും 
ഗരീബ് രഥവും വന്ദേഭാരതും
എന്തും അഭിമാനാർഹം തന്നെ 
നേരാം അനുമോദനങ്ങൾ. ഒപ്പം
ചൊല്ലട്ടെ ചിലത്!പിറന്ന നാളിലെ
ശുദ്ധിയും വിശുദ്ധിയും ഇന്നുണ്ടൊ
നിന്നിൽ മേനി പറയുവാനായ്?
 ഏതിലോ എവിടെയോ അല്ല,
പാളിച്ചകൾ മനുഷ്യമനസ്സുകളിൽ!
അപാകതകൾ ഏറെ ഭവിച്ചു 
എങ്ങനെ ഞാനതു ചൊല്ലേണ്ടു
മയക്കുമരുന്നുകൾ, കോവിഡ് 
തരംഗങ്ങൾ,മൊബൈൽ ആപ്പും 
മനുഷ്യമാനസങ്ങൾ പങ്കിലമാക്കി.
അഞ്ചു വയസ്സുള്ള പിഞ്ചിളം
 പൈതലേ ക്രൂരമായ് പിച്ചിച്ചീന്തി,
കൊലചെയ്യപ്പെട്ടതിവിടെ,
 പ്രായമേറിയ സ്ത്രീകൾപോലും
ബലാൽസംഗം ചെയ്യപ്പെട്ടതും
ആസിഡും പെട്രോളും ഒഴിക്കും   
കമിതാക്കൾ കൊല ചെയ്തിടാൻ.
വിഷം കൊടുത്തും,ക്വട്ടേഷൻ
എടുത്തും,കെട്ടിത്തൂക്കിയും
കൊലപാതകങ്ങൾ പലവിധം 
ആത്മഹത്യകൾ ഏറെ,മാനസിക 
വിഭ്രാന്തിയാൽ,കടക്കെണിയാൽ.
 ആയിരങ്ങൾ പതിനായിരങ്ങൾ
ഒത്തുകൂടും സമ്മേളന നഗരിയിൽ 
ബോംബിട്ടലങ്കോലമാക്കി,മൃത്യു
നടത്തിയതുമിവിടെ.ഹണി ട്രാപ്പും 
മോർഫിങ്ങും ഡബ്ബിങ്ങും ചെയ്യും 
 നരാധമർ വസിക്കുമീ ഭൂമിയേ
 എങ്ങനെ പവിത്രമെന്നു ചൊല്ലും?
എങ്ങനെ ആദരിക്കേണ്ടു,പറയൂ ആശംസകൾ
 നേരേണ്ടു ഞാൻ. ലജ്ജ തോന്നുന്നെൻ പ്രിയ നാടേ
ചൊല്ലുവാൻ,എങ്കിലും നേരുന്നു
ഞാൻ പിറന്നാൾ ആശംസകൾ.