ചെറു തിരി വെട്ടം: കവിത , ശുഭ ബിജുകുമാർ
കാഴ്ചവട്ടത്തിനുമപ്പുറമൊരു
യാഥാർഥ്യമുണ്ട്,
ജീവിതമുണ്ട്
നാളെയുടെ തുടക്കവുമൊടുക്കവും
ആരറിവൂ
നാളേയ്ക്ക് ഓർത്തുവെയ്ക്കുമാ
സ്വപ്‌നങ്ങൾ മറ്റൊന്നാകാം
നാളെയെ കുറിച്ചാകുലപ്പെടരുത്
നാളെയെ കുറിച്ചോർത്തുള്ള
ആഹ്ലാദങ്ങൾക്കർത്ഥവുമില്ലാ
നാളെയെ കുറിച്ചഹങ്കാരവുമരുത്
കണ്ട സ്വപ്നങ്ങൾ നീർ പളുങ്കു പോലുടഞ്ഞു പോകാം
വ്യഥയുടെ ഒടുക്കം കാത്തിരിക്കുന്നത്
സ്വപ്നസാക്ഷാത്കാരമാകാം
നാളെയെന്ന സത്യം മറ്റൊന്നാകാം
ഇന്നിന്റെ നന്മയിൽ ഒരു ചെറു തിരി
കൊളുത്തുക നാം ഹൃദയത്തിലായ്
ഇത്തിരി വെട്ടത്തിൽ കരുണയും
സ്നേഹവും തെളിഞ്ഞു കാണണം
നശ്വരമായ ലോക സത്യങ്ങൾ
തെളിഞ്ഞു കാണണം
കാലങ്ങളായ് തുടരുമീ
ജനിമൃതിക്കിടയിൽ
മദ്ധ്യേ കിട്ടുന്ന ഇത്തിരി നേരമെന്തിനീ ആശങ്കകൾ
സ്നേഹശൂന്യത,
മത്സരങ്ങൾ
പകയുടെ പുതിയ മുഖങ്ങളെന്തിനാണ്
നീ കൊളുത്തിയ അൻപിൻ
ചെറു തിരിനാളം വിതറും
പൊൻ വെളിച്ചം
നിനക്ക്ചുറ്റും പരക്കുമൊരു നാൾ
അണയാതെ ഓരോ
ഹൃദയത്തിലും
എത്തിടുമൊരു നാൾ
ദീപശോഭ