ആലപ്പുഴയിൽ ഉയരപ്പാത നിർമാണത്തിനിടെ കൂറ്റൻ ഗർഡർ നിലംപതിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ആലപ്പുഴയിൽ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കൂറ്റൻ ഗർഡർ നിലംപതിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. റോഡിലൂടെ ഈ സമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
വേറെ സ്ഥലത്ത് വച്ച് നിർമാണം പൂർത്തിയാക്കിയ ഗർഡർ ഇവിടെ എത്തിച്ച് പാലത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് പൊട്ടിയാണ് ഗർഡർ നിലംപതിച്ചത്. ഗർഡറിന് 80 ടൺ ഭാരവും 24 മീറ്റർ നീളവുമാണ് ഉണ്ടായിരുന്നത്.
ആളപായം ഉണ്ടായില്ലെങ്കിലും ദേശീയപാതയ്ക്ക് കുറുകെ ഗർഡർ പതിച്ചതിനാൽ ഒന്നര മണിക്കൂറോളം പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. ഗർഡർ കയറ്റിക്കൊണ്ടുപോകാനെത്തിയ ലോറിയും തകർന്നു. പിന്നീട് വലിയ ക്രെയിനുകൾ എത്തിച്ച് ഗർഡർ ഇവിടെ നിന്ന് ഉയർത്തി മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.