ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് പ്രധാനമന്ത്രി മോദി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി കുറിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നേടി ചരിത്രത്തിലാദ്യമായാണ് എന്‍ഡിഎ കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നാണ് മോദി എക്‌സില്‍ കുറിച്ചത്. നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ ഉറപ്പ് നല്‍കി . കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി കുറിച്ചു.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ( എന്‍ഡിഎ), കെ എസ് ശബരിനാഥന്‍ ( കോണ്‍ഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂര്‍ ബാബു ( സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.