അന്നൊരു പ്രളയകാലത്ത്.. : ഓർമ, മൻഫ്രഡ് പ്രമോദ്

അന്ന്..
ടീവിയോ ഇന്റെർനെറ്റോ ഇല്ലാത്ത കാലത്താണ് ഞങ്ങളുടെ പ്രദേശത്ത് ഒരു വലിയ പ്രളയമുണ്ടായത്. ഞങ്ങളുടെ വീടിനടുത്തുള്ള വിശാലമായ പാടത്തുകൂടെ കലങ്ങിയ ചുവന്ന വെള്ളം നിറഞ്ഞൊഴുകി..വീടുകൾ വെള്ളത്തിലായി. സ്കൂളുകളും കോളേജുകളുമെല്ലാം അടച്ചിട്ടു.
അന്ന് അഭയാർത്ഥി ക്യാമ്പുകളൊക്കെ ഉണ്ടായിരുന്നോ എന്നറിയില്ല. എങ്കിലും വെള്ളംകയറിയ വീടുകളിലെ ആളുകളെ സുരക്ഷിതമായ വീടുകളിൽ താമസിപ്പിച്ചിരുന്നു. അങ്ങനെ വെള്ളം കയറിയ ഏതോ ഒരു വീട്ടിലെ ഒരു കുടുംബം ഞങ്ങളുടെ വീട്ടിലും അഭയം തേടി വന്നു.
അവർ ഒരാഴ്ചയോളം വീട്ടിൽ താമസിച്ചു. അച്ഛനും അമ്മയും അമ്മൂമ്മയും രണ്ട് കുട്ടികളുമടങ്ങിയ ഒരു കുടുംബം. ആ കുട്ടികളോടൊപ്പം ഞാൻ കളിച്ചു, ഭക്ഷണം കഴിച്ചു,നിലത്ത് പായ വിരിച്ച് ഞാൻ അവരോടൊപ്പം കിടന്നുറങ്ങി. അവരെന്റെ ഉറ്റ ചങ്ങാതിമാരായി.
രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മാതാപിതാക്കളും ആ കുട്ടികളുടെ മാതാപിതാക്കളും ഒരുപാട് അടുത്തു. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് റേഡിയോയിൽ പ്രാദേശിക വാർത്തകൾകേട്ടു. 'നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ' കേട്ടു. സന്ധ്യനേരത്ത് ഞങ്ങൾ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ അവരും ഞങ്ങളോടൊപ്പം ഇരുന്നു.. ബൈബിൾ വായിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേട്ടു.
അവർക്ക് സന്ധ്യക്ക് പ്രാർത്ഥിക്കാനായി അച്ഛൻ ഒരു വിളക്കും എണ്ണയും തിരിയും വാങ്ങിക്കൊടുത്തു. സന്ധ്യക്ക് അവർ വീടിന്റെ ഉമ്മറത്ത് വിളക്ക് വച്ച് രാമനാമം ജപിച്ചു.
ഞാനും കൂടെയിരുന്ന്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം"
എന്ന് ജപിച്ചു. എന്റെ അച്ഛനും അമ്മയും എന്നെ എതിർത്തില്ല. അവരോടപ്പമുള്ള അമ്മൂമ്മ എനിക്ക് പുരാണകഥകൾ പറഞ്ഞുതന്നു. അവർ വെജിറ്റേറിയൻ ആയതുകൊണ്ട് അവർ തിരിച്ചുപോകുന്നതുവരെ വീട്ടിൽ മീനോ ഇറച്ചിയോ വാങ്ങിയില്ല.
ആ കുടുംബത്തിലെ ചേട്ടനും എന്റെ ചേട്ടനും വലിയ കൂട്ടുകാരായി. അവർ വാഴത്തടികൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയിട്ട് അതിൽക്കയറി തുഴഞ്ഞുചെന്ന് മലവെള്ളത്തിൽ ഒഴുകിവരുന്ന വാഴക്കുലകൾ, തേങ്ങ, ചക്ക തുടങ്ങിയവ എടുത്ത് വീട്ടിൽ കൊണ്ടുവന്നു. അങ്ങനെ ഒരു കുടുംബംപോലെ ഞങ്ങൾ കഴിഞ്ഞു..
ഒരാഴ്ച കഴിഞ്ഞപ്പോൾ വെള്ളം താണു. അവർ യാത്രപറഞ്ഞുപോയി.. പോകുന്ന സമയത്ത് ആ അമ്മൂമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അവർ പോയപ്പോൾ വീട്ടിൽ എല്ലാവർക്കും സങ്കടമായി. അവർ പോയ രാത്രിയിൽ അമ്മ ആരുംകാണാതെ കണ്ണീർ തുടച്ചു.
"എന്തിനാ അമ്മ കരഞ്ഞത്?" ഞാൻ ചോദിച്ചു..
"ഏയ്.. ഒന്നൂല്ല " അമ്മ പറഞ്ഞു
Manfred Pramod. P
Phone :9567595981