ഏകസന്താനത്തെ വളർത്തുമ്പോൾ : ലേഖനം,  മിനി സുരേഷ്   

ഏകസന്താനത്തെ വളർത്തുമ്പോൾ : ലേഖനം,  മിനി സുരേഷ്   

ളരെ  സങ്കീർണമായ ഘടനയാണ് ഇന്നത്തെ അണുകുടുംബങ്ങൾക്കുള്ളത്. അച്ഛനും, അമ്മയും രണ്ടു കുഞ്ഞുങ്ങളുമെന്ന സങ്കൽപത്തിൽ നിന്നും ആണായാലും, പെണ്ണായാലും ഒരു കുട്ടി മാത്രംമതിയെന്ന തീരുമാനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ യുവതലമുറയിൽ പെട്ട മാതാപിതാക്കളിൽ പലരും.

 വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്,അച്ഛനുമമ്മയുംഉദ്യോഗസ്ഥരാകുമ്പോൾ വളർത്തുവാനുള്ള പ്രയാസം എന്നിങ്ങനെ ഒരുപാടു കാരണങ്ങളിവർക്ക് നിരത്താനുമുണ്ട്. ഏറെ നാളത്തെ പ്രാർത്ഥനയുടെയും , കാത്തിരിപ്പിൻറെയും ഫലമായുണ്ടാകുന്ന കുഞ്ഞാണെങ്കിൽ അച്ഛനമ്മമാരുടെ ആധിയും, ഉൽകണ്ഠയും കൂടുതലായിരിക്കും. അതു പോലെ തന്നെ കുട്ടി ഒറ്റപ്പെട്ടു പോകാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. സൂര്യനെ ചുറ്റി ഭൂമി തിരിയുന്നതു പോലെയുള്ള അവസ്ഥയാണ് ഏറെ അപകടകരം. 


 സ്വാർത്ഥത കുട്ടിയിൽ വേരു പിടിക്കാതെ ശ്രദ്ധിക്കേണ്ടത് പരമ പ്രധാനമാണ്.
താൻ ആഗ്രഹിക്കുന്നതെന്തും ലഭിക്കണം, തന്റെ ഇഷ്ടങ്ങൾ മാത്രമേ നടക്കാവൂ എന്ന് കുട്ടിയെകൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ നീക്കാതിരിക്കാൻ മാതാപിതാക്കൾ ചെറുപ്പം മുതലേ ശ്രദ്ധിക്കണം. വീട്ടിലെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിക്കൊടുത്തു വേണം കുഞ്ഞുവാശികൾ സാധിച്ചു കൊടുക്കുവാൻ.  ഇല്ലെങ്കിൽ അവയും കുട്ടിയോടൊപ്പം വളർന്ന്  കുടുംബത്തിന് താങ്ങാൻ പറ്റാത്ത വലിയ പിടിവാശികളായി മാറും.   


  മാതാപിതാക്കളും കുട്ടിക്ക് ആവശ്യമുള്ള കരുതലൊരുക്കാൻ വേണ്ടിമാത്രം ജീവിക്കുന്നവരാകരുത്. തന്റെ സുഖത്തിനു വേണ്ടിമാത്രം ലോകം ചലിക്കണം എന്ന ചിന്ത  കുട്ടിയിൽ വളർന്ന്കാഴ്ചയുള്ള അന്ധതയിലേക്ക് അവരെ തള്ളി വിടാതെ ശ്രദ്ധിക്കണം. സ്വാർത്ഥതയുടെ വിത്തുകൾമാത്രം പാകി ഒടുവിൽ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അച്ഛനേയും, അമ്മയേയും വൃദ്ധ സദനങ്ങളിലേക്കെത്തിക്കുന്ന അവസ്ഥ വരാതെ നോക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്.  


  ജീവിത പ്രശ്നങ്ങളെ നേരിടാൻ കരുത്തരാകുക- മുതിർന്നവരെപ്പോലെ തന്നെ കുട്ടികളും പല വിധ ആകുലതകളും, പ്രശ്നങ്ങളും നേരിടുന്നുണ്ട്.ചില അദ്ധ്യാപകരുടെ പെരുമാറ്റവൈകല്യങ്ങളോ, കൂട്ടുകാരുടെ പരിഹാസങ്ങളോ എന്തു തന്നെ ആയാലും അവയൊക്കെ മനസ്സിലാക്കാനും പരിഹാരം പറഞ്ഞു കൊടുക്കാനും കഴിയുന്ന കൂട്ടുകാരായി മാറാൻ അച്‌ഛനും, അമ്മയ്ക്കും കഴിയണം. കുഞ്ഞുമായി ഇടപഴകുക- ദിവസവും കുറച്ചു സമയം കുട്ടിയുമായി സംസാരിക്കുവാൻ സമയം കണ്ടെത്തണം.

അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ വെറുതെ പരിഹസിക്കുകയോ,ശകാരിക്കുകയോചെയ്താൽ അവർക്ക് തുറന്നു പറയുവാനുള്ള വിശ്വാസം നഷ്ടപ്പെടും. അവർ പറയുന്ന കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ  കുറച്ചു കഴിഞ്ഞു സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കാം. ഇക്കാര്യത്തിൽ അമ്മയായും, സഹോദരിയായും ,അദ്ധ്യാപികയായും മാറാൻ കുട്ടിയുടെ അമ്മയ്ക്ക്‌   കഴിയണം..  നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കാൻ മടിക്കരുത്.

നേട്ടങ്ങളുടെ മാത്രം പുറകേ പോകുന്ന ഒരു മനസ്  ഒരിക്കലും വളർത്തരുത്. കോട്ടങ്ങളേയും സമചിത്തതയോടെ നേരിടാൻ പഠിപ്പിക്കണം. മറ്റുള്ളവരുടെ മുൻപിൽ വച്ച് കുട്ടിയെ ഒരുപാടു പുകഴ്ത്താതിരിക്കുക എന്നതു പോലെ പ്രധാനമാണ്  മോശം ഭാഷയിൽ ശകാരിക്കാതിരിക്കുക എന്നതും രണ്ടും കുട്ടിയുടെ വ്യക്തിത്വത്തെ വികലമായി ബാധിക്കുകയേയുള്ളൂ.

തന്റെ കുട്ടി അയൽക്കാരുടെയോ ബന്ധുക്കളുടെയോ കുട്ടികളെക്കാൾ കേമനായി മാറണം എന്ന രീതിയിൽ സമ്മർദ്ധം കൊടുക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം തകർക്കുവാൻ മാത്രമേ ഉതകുകയുള്ളു. വിവാഹമോചനം നേടിയ മാതാവിന്റെ കൂടെ കഴിയുന്ന കുട്ടിയിൽ അരക്ഷിതാവസ്ഥ കൂടുതലായി കാണാറുണ്ട്."   ആണായും, പെണ്ണായും ഇതൊന്നേ ഉള്ളൂ"എന്ന് പറഞ്ഞ് സദാ കുട്ടികളുടെ പുറകേ നടക്കുന്നതും  നല്ലതല്ല.

പ്രായപൂർത്തി ആയാലും കുട്ടിയെ വാഹനങ്ങളോടിക്കാൻ അനുവദിക്കാത്ത മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഇതെല്ലാം  വിപരീതഫലങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ മാറിയ സാഹചര്യങ്ങളിൽ കുട്ടിക്കു മൊബൈൽ ഫോൺ കൊടുക്കാതെ തരമില്ല. ആപ്പ്ലോക്കിന്റെറ സഹായത്താൽ കുട്ടികൾ ഫോൺ ദുരുപയോഗം നടത്തുന്നത് തടയാനാവും. Find my Kid, Google Family link എന്നിവയെയൊക്കെ പ്രയോജനപ്പെടുത്തുന്നത് മാതാപിതാക്കൾക്ക്ഏറെ ആശ്വാസകരമാണ്.  

പ്രകൃതിയെ അറിഞ്ഞു വളരാനും, ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തു ചെയ്യാനും, വീട്ടു ജോലികളിൽ സഹായിക്കാനും ഒക്കെ അവസരം നൽകണം. കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു നടത്താനും പ്രാപ്തരാക്കണം.  

സത്രീകളെ ബഹുമാനിക്കുന്ന നല്ല ഒരു വ്യക്തിയാക്കി ആൺകുട്ടിയെ മാറ്റുന്നതിലും അമ്മമാർ ശ്രദ്ധിക്കണം. പെൺകുട്ടിയെ പ്രതികരണശേഷിയുള്ളവളാക്കി മാറ്റുന്നതോടൊപ്പം, പ്രതികൂലസാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകാനുള്ള കഴിവും ഏറെക്കുറെ വളർത്തേണ്ടത് ആവശ്യമാണ്.


 കുട്ടിക്ക് ഇഷ്ടമുള്ള കരിയറും,പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകണം. മാതാപിതാക്കളുടെ സ്വപ്നങ്ങളേക്കാൾ കുട്ടിയുടെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.  കുട്ടിയുടെ ഭാവനയ്ക്കും,ഇഷ്ടങ്ങൾക്കും മുൻതൂക്കം കൊടുത്ത് സമൂഹത്തിന് നന്മപകരുന്ന നല്ല പൗരന്മാരാക്കി മാറ്റുകയാണ് വേണ്ടത്. കുട്ടിയ്ക്കും അവന്റേതായ ഒരു വ്യക്തിത്വമുണ്ടെന്ന സത്യം മാതാപിതാക്കളൊരിക്കലും കാണാതെ പോകരുത്.