റിക്ഷാവാലകള്‍...: ജോയിഷ് ജോസ്

'സർ, റിക്ഷാ ചാഹിയേ'..
കുറച്ച് വര്‍ഷങ്ങൾക്കു മുമ്പ് കമ്പനിയുടെ നാഷണല്‍ മീറ്റിംഗിന് പോകുമ്പോള്‍ ന്യൂഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ എന്നെ ആദ്യം എതിരേറ്റത് ഈ ശബ്ദഘോഷമായിരുന്നു. ഒരു നൂറു റിക്ഷാ വാലകളുടെ ഒന്നിച്ചൊരു സാബ്,സാര്‍ വിളികള്‍. ഇവരെ ആദ്യം കണ്ടപ്പോള്‍ അത്ഭുതമായിരുന്നു. പണ്ടെങ്ങോ കണ്ടുമറന്ന അല്ലെങ്കില്‍ പുസ്തകതാളുകളില്‍ വായിച്ചറിഞ്ഞ കാള വണ്ടിയെപ്പോലെ.
ഇവിടെ കാളക്കു പകരം മെലിഞ്ഞു കോല് പോലിരിക്കുന്ന മനുഷ്യന്മാർ ചവിട്ടി വലിക്കുന്ന മൂന്നു ചക്ര സൈക്കിൾ റിക്ഷ !!. ഡല്‍ഹിയില്‍ ആദ്യമായെത്തുന്ന ഏതൊരു മലയാളിയും റിക്ഷകളില്‍ കയറാന്‍ ആദ്യം മടിക്കും. എന്നാല്‍ എല്ലുന്തിയ, മുഷിഞ്ഞ വസ്ത്രം ധരിച്ച, ഈ മനുഷ്യര്‍ താമസിയാതെ നമ്മുടെ യാത്രകളുടെ ഭാഗമാകും. കാരണം ഉത്തരേന്ത്യയേപ്പോലെ പൊതു വാഹന സൗകര്യം കുറഞ്ഞ ഇടങ്ങളിൽ റിക്ഷാ വാലകൾ യാത്രക്ക് വലിയൊരു ആശ്രയമാണ്.
ഓരോ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ബസ് സ്റ്റോപ്പുകള്‍ക്കും മുന്നിലും നമ്മളേയും കാത്ത് റിക്ഷാ വാലകള്‍ നില്‍പ്പുണ്ടാവും ഇവരുടെ അടുത്ത് അധികം ഹിന്ദി അറിയേണ്ട ആവശ്യമില്ല. പോകണ്ട സ്ഥലപ്പേരും പിന്നെ 'ദസ് രുപ'യേയും മാത്രമാണ് ഇവരുടെ അടുത്ത് അറിഞ്ഞിരിക്കേണ്ട ഹിന്ദി വാക്കുകള്‍.
കാരണം ഓട്ടോ വാലകള്‍ 100 ഉം 150 ഉം ഒക്കെ പറയുമ്പോള്‍ ഇവരുടെ അടുത്ത് രണ്ട് കൈപത്തികളും ഉയര്‍ത്തി 'ദസ് രുപയേ' എന്ന് പറഞ്ഞാല്‍ മതി ഇവര്‍ സമ്മതിക്കും. ഈ മനുഷ്യര്‍ എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും ചിരിക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ അന്തിക്ക് കുടിലുകളില്‍ തിരിച്ചെത്തുമ്പോള്‍ മുന്നില്‍ വിശന്നു വലഞ്ഞ് ഒട്ടിയ വയറുകളോടെ തങ്ങളെ കാത്തു നില്‍ക്കുന്ന മുഖങ്ങളെ എങ്ങനെ നേരിടുമെന്ന ചിന്തയാകും ഈ മുഖങ്ങളിലെ ചിരി മായിക്കുന്നത്. ആളുകള്‍ കടന്നു വരാന്‍ സാധ്യതയുള്ള എല്ലാ വഴികളിലേക്കും കണ്ണും നട്ട് നില്‍ക്കുമ്പോള്‍ ഇവര്‍ പരസ്പരം സംസാരിക്കുന്നത് പോലും ചുരുക്കമാണ്.
ഭൂരിഭാഗം റിക്ഷാ തൊഴിലാളികളും മരച്ചുവട്ടിലോ മെട്രോ തൂണുകള്‍ക്ക് അടിയിലോ ആണ് രാത്രി കഴിച്ച് കൂട്ടൂന്നത്. ഉറക്കം തൂങ്ങുന്ന സമയങ്ങളില്‍ പോലും ജനിച്ചുപോയതിന്റെ പേരില്‍ എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ക്കാനുള്ള ആധിയാണ് ആ മുഖങ്ങളില്‍ കാണാന്‍ കഴിയുക.
ജീവിതകാലം മുഴുവന്‍ റിക്ഷാ ചവിട്ടി അവസാനം രക്തം ചുമച്ച് തുപ്പി വഴിയോടകളിലേയ്ക്ക് മറിഞ്ഞ് വീഴുമ്പോള്‍ അടുത്ത തലമുറയ്ക്കായി ഇവര്‍ക്ക് കരുതി വയ്ക്കാനാകുന്ന സമ്പാദ്യമെന് പറയുന്നത് വിശപ്പ് മാത്രമാണ്.
നഗരം വളരുമ്പോള്‍ ഇവരുടെ ജീവിതം ഇടുങ്ങിവരികയാണ്. പുതിയ ഇന്ത്യയുടെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാന്‍ ഇവരെ പൂര്‍ണമായും തൂത്തെറിയുന്ന കാലം വിദൂരത്തല്ല. അത് വരെ ജീവിതം കരുപിടിക്കാന്‍ ആഞ്ഞു ചവിട്ടുകയാണ് ഇവര്‍.
ജോയിഷ് ജോസ്
9656935433