കേൾക്കാത്ത മുത്തശ്ശിക്കഥ: കവിത , മിനി സുരേഷ്

കേൾക്കാത്ത മുത്തശ്ശിക്കഥ: കവിത ,  മിനി സുരേഷ്

(ലോക എയിഡ്സ്  ദിനത്തിൽ , എയിഡ്സ് രോഗം കാർന്നു തിന്നുന്ന ബാല്യങ്ങൾക്കായി)

 

അമ്മ തന്നുദരത്തിൽ

നിന്നനാഥ ബാല്യത്തിൻ

നൊമ്പരച്ചിന്തായ്

 

തിരസ്കരണങ്ങളുടെ

കിരണമേറ്റെരിയുമഗ്നിക്കു ചുറ്റും

പറന്നു തളർന്നൊരു

പക്ഷമറ്റ ചെറു പതംഗം.

അറിയില്ലെങ്ങനെ

അറിയുമെല്ലാരുമെങ്കിലും

അകലത്തായ് നിൽക്കുമെന്നുമപരിചിതരും.

 

തഴുകിയുറക്കാറില്ല

മുത്തശ്ശി പോലുമൊരാശ്വാസ വാക്കോതാറില്ല.

ഒച്ചയുണ്ടാക്കാതൊരിടത്തിരുന്നാലും

നൂറു രോഗങ്ങൾ കാർന്നു തിന്നുന്ന

ജീവനാണെന്നെല്ലാരുമെന്നുരുവിടും.

 

മുറ്റത്തു തുപ്പാനനുവദിക്കാറില്ല

ശ്വാസമെത്തുന്നിടത്താരുമിരിക്കാറുമില്ല.

സ്നേഹാംശു നിറച്ചൊരു

വാത്സല്യ മാധുരി

നുകരാനുണരുമെന്നാത്മാവു

കൊതിക്കുന്ന സ്വപ്നജീവാമൃതം.

 

അരികത്തണയാറില്ല സതീർത്ഥ്യരും

അലിവോടൊന്നുമോതാറില്ലദ്ധ്യാപകരും.

 

പ്രാണന്റെ ഗദ്ഗദം 

കൺപീലികൾ നിറയ്ക്കുന്ന

സ്മരണയായ് തലോടുമ്പോൾ

വേർപിരിയാതെ കൂടെയുണ്ടെപ്പോഴും

നിൻ നിഷ്കളങ്ക ശൈശവത്തെ

നിശ്ശബ്ദമായ് പാടിയുറക്കുമൊരു

താരാട്ടായ്,ലയമായ്

രുധിരത്തിലലിഞ്ഞൊരു

നേർത്ത എച്ച്. ഐ.വി കണം ഞാൻ.

 

        മിനി സുരേഷ്