മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല; എൻഎസ്എസ് നേതൃത്വത്തിനെതിരെ സി.വി. ആനന്ദബോസ്
ന്യൂഡല്‍ഹി : എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തന്നെ അനുവദിച്ചില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്റെയും അവകാശമാണെന്നും ആനന്ദബോസ് പറഞ്ഞു. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവര്‍ണറാകാന്‍ കാരണം എന്താണെന്നു ചോദിച്ചാല്‍ അത് തന്റെ കരയോഗമാണ്. സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.
ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല- ആനന്ദബോസ് പറഞ്ഞു