പാർട്ടി നേതൃത്വത്തോട് പറയാനുള്ള കാര്യങ്ങൾ അവരോട് മാത്രമേ പറയൂ; പരസ്യപ്രസ്താവനയ്ക്കില്ലെന്നും ശശി തരൂർ

Jan 27, 2026 - 19:05
Jan 27, 2026 - 19:46
 0  2
പാർട്ടി നേതൃത്വത്തോട് പറയാനുള്ള കാര്യങ്ങൾ അവരോട്  മാത്രമേ പറയൂ; പരസ്യപ്രസ്താവനയ്ക്കില്ലെന്നും  ശശി തരൂർ

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തോട് പറയാനുള്ള കാര്യങ്ങൾ അവരോട് നേരിട്ടു മാത്രമേ പറയുകയുള്ളൂവെന്നും പരസ്യപ്രസ്താവനയ്ക്കില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. കോൺഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെത്തുടർന്ന് പാർട്ടി വിടുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പാർലമെൻ്റ് സമ്മേളന സമയം ആയതിനാൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള എല്ലാവരും അവിടെ ഉണ്ടാകുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽത്തന്നെ തൻ്റെ അഭിപ്രായങ്ങളും പറയാനുള്ള കാര്യങ്ങളും നേതൃത്വത്തെ അറിയിക്കാനുള്ള അവസരം ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരുവിധ സംശയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന യോഗത്തിൽ താൻ പങ്കെടുത്തിരുന്നുവെന്ന് ശശി തരൂർ സ്ഥിരീകരിച്ചു. എന്നാൽ വൈകുന്നേരം നടന്ന യോഗത്തിൽ പങ്കെടുക്കാൻ തനിക്ക് സാധിച്ചിരുന്നില്ല. അതിനുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചത് മിനിയാന്ന് ആയിരുന്നുവെന്നാണ്. ക്ഷണം ലഭിക്കുമ്പോഴേക്കും താൻ ദുബായിൽനിന്ന് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റ് എടുത്തു കഴിഞ്ഞിരുന്നു. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി നാളത്തേക്കുള്ള ടിക്കറ്റ് ആണ് എടുത്തിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കോൺഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.

എന്നാൽ സിപിഎമ്മുമായി ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് അയ്യയ്യോ, എന്താണ് സുഹൃത്തുക്കളെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. സിപിഎം ഈ വാർത്തകൾ നിഷേധിച്ചിട്ടുണ്ടെന്നും ചർച്ചകൾ നടന്നു എന്ന കാര്യത്തെ പൂർണമായിട്ടും തള്ളിക്കളയുന്നു എന്ന് കൃത്യമായി പറയാമോ എന്നുമുള്ള ചോദ്യത്തിന് ഈ വിഷയത്തിൽ കൂടുതൽ ഇടപെടാൻ തനിക്ക് ആഗ്രഹമില്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.

സിപിഎമ്മിലേക്ക് പോകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം കഴിഞ്ഞദിവസം തന്നെ പ്രതികരിച്ചിരുന്നു.

ഈ വിഷയത്തിലേക്ക് ആഴത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ പുതിയ ചോദ്യങ്ങളും പുതിയ കമൻ്റുകളും വരുമെന്ന സാഹചര്യം ഉണ്ട്. അതിനാൽത്തന്നെ ദയവുചെയ്ത് ഈ വിഷയത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും തന്നെ സഹായിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.