547 മില്യൺ ഡോളർ മെഡികെയർ തട്ടിപ്പ് കേസിലെ പ്രതി ഒടുവിൽ പിടിയിൽ
വാഷിംഗ്‌ടൺ: അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI)യുടെ “Most Wanted Fraudsters” പട്ടികയിൽ ഉൾപ്പെട്ടിരുന്ന പ്രധാന പ്രതികളിലൊരാളായ ഖാലിദ് അഹമ്മദ് സതാരി (Khalid Ahmed Satary)യെ ഏകദേശം മൂന്ന് വർഷം നീണ്ട അന്തർദേശീയ അന്വേഷണത്തിനൊടുവിൽ വിദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുവന്നതായി എഫ്ബിഐ അറിയിച്ചു.
2016 മുതൽ 2019 വരെ മെഡികെയർ പദ്ധതിയെ ലക്ഷ്യമിട്ട് 547 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ ഗൂഢാലോചനയിൽ സതാരി പ്രധാന പങ്കുവഹിച്ചെന്നാണ് ആരോപണം. രോഗികൾക്ക് മെഡിക്കൽ ആവശ്യകതയില്ലാത്ത ചെലവേറിയ ജനിതക (Genetic) പരിശോധനകൾക്ക് വ്യാജമായി മെഡികെയറിൽ നിന്ന് പണം ഈടാക്കുകയും, തെറ്റായ വിപണനരീതികൾ, നിയമവിരുദ്ധ കമ്മീഷനുകൾ (Kickbacks), കൈക്കൂലി എന്നിവ ഉപയോഗിച്ച് സർക്കാർ ഫണ്ടുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.
2019-ൽ സതാരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും, 2022-ൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് എഫ്ബിഐ അന്തർദേശീയ തലത്തിൽ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് വിദേശരാജ്യത്ത് നിന്ന് ഇയാളെ പിടികൂടി അമേരിക്കയിലേക്ക് തിരിച്ചെത്തിച്ചത്.
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു, കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ “Most Wanted Fraudsters” പട്ടികയിൽ നിന്ന് പിടിയിലാകുന്ന മൂന്നാമത്തെ പ്രതിയാണ് സതാരിയെന്നും, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ എഫ്ബിഐയുടെ പുതിയ നടപടികളുടെ ചരിത്രപരമായ വിജയമാണിതെന്നും അദ്ദേഹം വിലയിരുത്തി.
ഇപ്പോൾ സതാരി അമേരിക്കയിൽ ഫെഡറൽ കോടതിയിൽ കുറ്റവിചാരണ നേരിടും. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരുകയാണെന്ന് എഫ്ബിഐ അറിയിച്ചു