അനന്തരവനെ വീണ്ടും രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച്‌ മായാവതി

അനന്തരവനെ വീണ്ടും രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച്‌ മായാവതി

ഖ്നൗ: ബിഎസ്പി അധ്യക്ഷ മായാവതി തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്തു. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതല തിരിച്ചുനല്‍കുകയും ചെയ്തു.

ലഖ്നൗവില്‍ ചേർന്ന ബിഎസ്പി യോഗത്തിന് ശേഷമാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്.

2023 ഡിസംബറില്‍ ആകാശിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയില്‍ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുള്‍പ്പെടെ നീക്കുകയും ചെയ്തിരുന്നു. തീരുമാനത്തില്‍ വ്യക്തമായ കാരണം വെളിപ്പെടുത്താതിരുന്ന മായാവതി രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു വിശദീകരണം നല്‍കിയത്.

സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ല്‍ പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോള്‍ ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിക്കുകയായിരുന്നു. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രചാരകരില്‍ ഒരാളായിരുന്നു. പാർട്ടിയില്‍ ആകാശിന്റെ സാന്നിധ്യവും 2022ല്‍ രാജസ്ഥാനിലെ അജ്മീറില്‍ അദ്ദേഹം നടത്തിയ പദയാത്രയും പാർട്ടിക്ക് കരുത്ത് പകർന്നുവെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 10 ലോക്സഭാ സീറ്റുകള്‍ നേടിയ മായാവതിയുടെ ബിഎസ്പിക്ക് 2024 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാൻസാധിച്ചിരുന്നില്ല.