പരസ്പരം വിമര്‍ശിക്കുന്നത് സ്വാഭാവികം : മമത ബാനര്‍ജിയുമായി അടുത്ത ബന്ധമെന്ന് രാഹുല്‍ ഗാന്ധി

പരസ്പരം വിമര്‍ശിക്കുന്നത് സ്വാഭാവികം : മമത ബാനര്‍ജിയുമായി അടുത്ത ബന്ധമെന്ന് രാഹുല്‍ ഗാന്ധി

ഗുവാഹത്തി: പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും ത്രിണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി.മമത ബാനര്‍ജിയും താനും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇരു പാര്‍ട്ടികളും പരസ്പരം വിമര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അസമില്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിലെ മുഴുവന്‍ സീറ്റുകളിലും ത്രിണമൂല്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് നേരത്തെ മമത പറഞ്ഞിരുന്നു. അതില്‍ കാര്യമില്ലെന്ന പ്രതികരണമാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. സീറ്റ് വിഭജനം സംബന്ധിച്ച ആശയവിനിമയം നടക്കുന്നുണ്ട്. കൃത്യമായ സമയത്ത് ആ വിഷയത്തില്‍ തീരുമാനമുണ്ടാകും. അതേക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.

പരസ്പരം വിമര്‍ശിക്കുന്നത് സ്വാഭാവികം മാത്രമാണെന്നും ഇരു പാര്‍ട്ടികളും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ബംഗാളിലെ സീറ്റ് വിഭജനത്തില്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ എളുപ്പമാകില്ല ഇന്ത്യാ മുന്നണിക്ക്. തന്റെ ശക്തികേന്ദ്രമായ സംസ്ഥാനത്ത് നിന്ന് പരമാവധി സീറ്റുകള്‍ നേടുകയെന്നതാണ് മമത ലക്ഷ്യമിടുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്ബോഴും സിപിഎമ്മിനെ അംഗീകരിക്കില്ലെന്ന് മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ദേശീയ തലത്തില്‍ ഒരുമിച്ച്‌ നില്‍ക്കുമ്ബോഴും സംസ്ഥാനത്തിനുള്ളില്‍ കോണ്‍ഗ്രസുമായും സിപിഎമ്മുമായും സീറ്റ് വിഭജനം നടത്തിയാല്‍ അതിനെ ബിജെപി പ്രചരണ വിഷയമാക്കുമെന്ന ആശങ്ക മമതയ്ക്കുണ്ട്. ഇക്കാരണത്താലാണ് അവര്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത്