കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു

Jan 12, 2026 - 19:58
 0  5
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട്   വിജയ്‌യെ സിബിഐ  ചോദ്യം ചെയ്തു
ന്യൂഡൽഹി : കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ സിബിഐ ആറുമണിക്കൂർ ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടിസ് നൽകി. എന്നാൽ വിജയ് ഹാജരാകില്ലെന്നാണ് വിവരം. പൊങ്കലിന് നാട്ടിൽ പോകണമെന്നും ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നും വിജയ് അറിയിച്ചതായാണ് റിപ്പോർട്ട്.
2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്. അതേസമയം റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റാലി നടന്ന സ്ഥലത്ത് 7 മണിക്കൂർ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈ സമയം ആൾക്കൂട്ടം നിയന്ത്രണാതീതമായി പെരുകാനും ആളുകൾ ക്ഷീണിക്കുന്നതിനും കാരണമായി. വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും ഒൻപത് കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിനു കാരണമെന്ന് വിജയ് മൊഴി നൽകിയെന്നാണ് ലഭിക്കുന്ന സൂചന.