എച്ച്-1ബി വിസ: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളർ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ കോടതി

Jun 9, 2026 - 12:29
 0  1
എച്ച്-1ബി വിസ:  ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളർ ഫീസ്  റദ്ദാക്കി യുഎസ് ഫെഡറൽ കോടതി
വാഷിംഗ്ടൺ: എച്ച്-1ബി വിസകൾക്ക് പുതിയതായി ഏർപ്പെടുത്തിയ 1,00,000 ഡോളർ ഫീസ് യുഎസ് ഫെഡറൽ കോടതി റദ്ദാക്കി. വിദേശ പ്രൊഫഷണലുകൾക്കും അവരെ നിയമിക്കുന്ന കമ്പനികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ വിധി. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് നിയമവിരുദ്ധമായ നികുതിക്ക് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫീസ് വർദ്ധനവിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സ്റ്റേറ്റ് അറ്റോർണി ജനറൽമാർ നൽകിയ ഹർജിയിലാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിൻ അനുകൂല വിധി പുറപ്പെടുവിച്ചത്. ഫെഡറൽ ഇമിഗ്രേഷൻ നിയമപ്രകാരം വിദേശികളുടെ വരവ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിയമപരമായ പിഴയാണിതെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദത്തെ കോടതി തള്ളി. ഇത്തരമൊരു ഫീസ് ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും അതിന് കോൺഗ്രസിന്റെ അംഗീകാരം വേണമെന്നും ജഡ്ജി വ്യക്തമാക്കി. ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഈ വിധി.