ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': പിണറായിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ക്ക് ആശ്വാസം. കോടതി അഞ്ച് ഗണ്‍മാന്‍മാര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നവകേരള യാത്രയോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായി പിണറായി വിജയന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്തപ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ഈ ഗണ്‍മാന്‍മാര്‍.
സംഭവത്തില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിന് തിരിച്ചടി ആയിരിക്കുകയാണ് മുന്‍കൂര്‍ ജാമ്യം. അഞ്ച് പേരെയും യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റതിന് പിന്നാലെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെഷന്‍സ് ജഡ്‌ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ തന്‍റെ അംഗരക്ഷകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ആയിരുന്നു അതെന്നാണ് പിണറായി വിജയന്‍ ഇതിനെ വിളിച്ചത്.