പ്രശാന്ത് പഴയിടം
ഭാഗം 3
സിവിൽ എഞ്ചിനീയറിങ്ങ് ബിരുദം നേടിയ ശേഷം ആഗ്രഹങ്ങൾക്ക് നിറം പകരാൻ അശ്വിൻ ഏറെ പ്രതീക്ഷയോടെ ഇന്റർവ്യൂവിന് പോകുവാനൊരുങ്ങി. അമ്മ വാങ്ങിതന്ന പുത്തൻ കുപ്പായം ധരിച്ചപ്പോൾ അതിൽ അമ്മയുടെ മണവും വാത്സല്യവും നിറഞ്ഞിരുന്നു.
അമ്മയേ വിളിക്കുവാൻ ഫോൺ എടുത്തതും പെട്ടന്ന് സവാദിന്റെ ഫോൺ വന്നു :
സവാദ് :
“നീ ഒരുങ്ങിയോ? രാവിലെ നടന്നതൊന്നും മനസ്സിൽ കരുതണ്ട . നീ നല്ല ഫ്രഷായിട്ട് പോയി ഇന്റർവ്യൂവിൽ പങ്കെടുത്ത് വരൂ, പിന്നെ ഞാൻ നിന്റെ പോക്കറ്റിൽ വഴിച്ചിലവിന് കുറച്ച് പണം വച്ചിട്ടുണ്ട്,ഓൾ ദി ബെസ്റ്റ്.”
ചെറു പുഞ്ചിരിയോടെ അശ്വിൻ
പറഞ്ഞു:
“കുറച്ചു പണം കയ്യിലുണ്ടായിരുന്നു,അത് വേണ്ടായിരുന്നു സവാദെ .”
സവാദ് :
“ഡാ, ഞാനും നിന്നെപ്പോലെ മുംബൈയിൽ വന്നതാണ്,എനിക്കറിയാം. മോനേ വലിയ ഡയലോഗ് വിടാതെ പോയി വരു . ജോലികിട്ടിക്കഴിഞ്ഞിട്ട് നിന്റെ വക ഒരു ചിലവുണ്ട്.”
അശ്വിൻ :
“അടിപൊളി! മോനേ എന്നോട് ഇന്ന് അവർ എട്ടാം നിലവരെയുള്ള തുണി കഴുകുവാനെ പറഞ്ഞിട്ടുള്ളൂ ഇനി ചുമരിന് പെയിന്റടിക്കാനും പറയും. ഹഹ ”
സവാദ് :
“ഹ ഹ… ഡാ. .നീ പോയി വാ. .
മെയിൻ റോഡിന്റെ സൈഡിൽ നിന്ന് കൈകാട്ടിയാൽ ഓട്ടോ കിട്ടും. ഇന്റർവ്യൂ കഴിഞ്ഞാൽ വിളിക്കു.”
അശ്വിൻ കുറച്ച് സമയം മുൻകൂട്ടി തന്നെ ഇന്റർവ്യൂവിന് ഇറങ്ങി പക്ഷേ
തിരക്കേറിയ റോഡരികിൽ ഏറെ നേരം കാത്തുനിന്ന ശേഷമാണ് ഒരു ഓട്ടോ മുന്നിൽ വന്നു നിന്നത്.
ഓട്ടോ ഡ്രൈവർ :
“സാബ്, കഹാം ജാനാ ഹേയ് ?”
(സാർ, എവിടേക്കാണ് പോകേണ്ടത്?)
അശ്വിൻ മൊബൈലിലെ അഡ്രസ് കാണിച്ചു കൊടുത്തു.
ഓട്ടോ മുന്നോട്ട് നീങ്ങി അമ്മയുടെ ഫോൺ വന്നു.
അമ്മ :
“മോനേ, പ്രാർത്ഥിച്ചിട്ട് പോകണം കേട്ടോ. അമ്മ ക്ഷേത്രത്തിൽ പോയിരുന്നു.”
അശ്വിൻ :
“അതെ അമ്മേ. പ്രാർത്ഥിച്ചിട്ടാണ് ഇറങ്ങിയത്. ഇന്റർവ്യൂ കഴിഞ്ഞിട്ടു വിളിക്കാം.”
ഓട്ടോ ഏറെ ദൂരം പിന്നിട്ടു.
പെട്ടന്ന് സവാദിന്റെ ഫോൺ വന്നു.
സവാദ് :
“ഡാ, ഇന്റർവ്യൂ കഴിഞ്ഞോ?”
അശ്വിൻ :
“ഇല്ല,ഇപ്പോഴും ഓട്ടോയിലാണ്.”
സവാദ് :
“എന്താ? ഇതുവരെ എത്തിയില്ലേ?”
അശ്വിൻ :
“ഇല്ല , അരമുക്കാൽ മണിക്കൂറായി. മീറ്ററിൽ നൂറ്റിയിരുപയായി .”
സവാദ് :
“നൂറ്റിയിരുപതോ? അവിടേക്ക് ഇത്രയും ദൂരമില്ലല്ലോ! നീ ലൗഡ് സ്പീക്കർ ഓൺ ചെയ്യു ”
അശ്വിൻ ഫോൺ ലൗഡ് സ്പീക്കറിലിട്ടു.
സവാദ് :
“ഭായ്, ആപ് ഇസ്കോ കഹാം ലേക്കെ ജാ രഹേ ഹോ?”
(ഭായ്, ഇയാളെ എവിടേക്കാണ് കൊണ്ടുപോകുന്നത്?)
ഓട്ടോ ഡ്രൈവർ :
“രാസ്തേ മേം തോഡാ ബ്ലോക്ക് ഹേ .”
(വഴിയിൽ ചെറിയ തടസ്സമുണ്ട്.)
സവാദ് :
“ഭായ്, വില്ലെ പാർലേ സെ അന്ധേരി തക് ഇത്നാ ദേർ നഹി ലഗ്താ,ആപ് ഇസ്കോ ഘുമാ രഹേ ഹോ ക്യാ?”
(ഭായ്, വില്ലെ പാർലെയിൽ നിന്ന് അന്ധേരിയിലേക്ക് ഇത്ര സമയം എടുക്കില്ല. നിങ്ങൾ ഇയാളെ കറക്കുകയാണോ?)
അതുകേട്ടതും ഡ്രൈവർ രോഷാകുലനായി ഓട്ടോയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു കുറച്ചുനേരം തർക്കം തുടർന്നു.
ഇന്റർവ്യൂവിന് വൈകുമെന്ന ഭയത്തിൽ അശ്വിൻ കൂടുതൽ വാക്കുതർക്കത്തിന് നിന്നില്ല.
ഒടുവിൽ അധികം പണം വാങ്ങി ഓട്ടോക്കാരൻ ശരിയായ സ്ഥലത്ത് എത്തിക്കാമെന്ന് സമ്മതിച്ചു.
അശ്വിൻ കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു ഇന്റർവ്യൂ ഉള്ളതാണ് ഇപ്പോൾ അനാവശ്യ പ്രശ്നങ്ങൾ തലയിലേറ്റാൻ പറ്റില്ല!.
ഓട്ടോ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുന്നിൽ നിന്നു. മനോഹരമായ അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളുമായ് ആഡംബരത്തിന്റെ മറ്റൊരു ലോകം പോലെ തോന്നും.
ഇന്റർവ്യൂനടക്കുന്ന സ്ഥലമറിയാൻ അശ്വിൻ റീസെപ്ഷനിൽ സമീപിച്ചു,അവർ വഴി കാണിച്ചുകൊടുത്തു.
തുറസായ സ്ഥലത്ത് നിരവധി ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇന്റർവ്യൂവർ വന്ന് ഓരോരുത്തരേയും വിളിച്ചുകൊണ്ടിരുന്നു.
ഒരുപാട് സ്വപ്നങ്ങളുമായി ഇന്റർവ്യൂവിനെത്തിയവർ ചിലർ വളരെ ആത്മവിശ്വാസത്തോടെയും ചിലർ നേരിയ ആശങ്കയോടെയും സംസാരിക്കുന്നു.
മനസ്സിലെ നേരിയ ഭയത്തെ അതിജീവിച്ച് അശ്വിൻ ഏറെ ആത്മവിശ്വാസത്തോടെ
തന്റെ അവസരം കത്തിരുന്നു.
ഒരു യുവതി അശ്വിന്റെ അടുത്ത് വന്നു,
യുവതി :
“ഹലോ, മലയാളിയല്ലേ ? ഞാൻ ആനി.”
അശ്വിൻ :
“ഹലോ ആനി, ഞാൻ അശ്വിൻ നാട്ടിൽ എവിടെയാണ്?”
ആനി :
“ഞാൻ തൃശൂർ നിന്നാണ്”
അശ്വിൻ :
“വന്നിട്ട് കുറെ നേരമായോ?
ആനി :
“അതെ,കുറച്ചു നേരമായി,അവർ ഉടനെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമയം ഏറെ കടന്നുപോയി. ഇന്റർവ്യൂവർ നിരവധി ആളുകളെ അകത്തേക്ക് വിളിച്ചു പക്ഷേ അശ്വിനെയും ആനിയെയും ഇനിയും വിളിച്ചില്ല.
ആനി :
“അശ്വിൻ, അതെന്താണ് അവർ നമ്മളെ വിളിക്കാത്തത്? എനിക്ക് ടെൻഷനാവുന്നു.”
അശ്വിൻ :
“പേടിക്കണ്ട. അവർ വിളിക്കും.”
ഒടുവിൽ അവിടെ അശ്വിനും ആനിയും മാത്രമായി.
അൽപസമയത്തിന് ശേഷം അശ്വിൻ കോർഡിനേറ്ററുടെ അടുത്തേക്ക് ചെന്നു.
അശ്വിൻ :
“ഹലോ, ഐ ആം അശ്വിൻ ആൻഡ് ഷീ ഈസ് ആനി. വെൻ കാൻ വീ അറ്റൻഡ് ദ ഇന്റർവ്യൂ?”
(ഹലോ, ഞാൻ അശ്വിനാണ്. ഇവർ ആനിയാണ്. ഞങ്ങൾക്ക് എപ്പോഴാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയുക?)
കോർഡിനേറ്റർ :
“ഓ, സോറി. ടുഡേസ് ഇന്റർവ്യൂസ് ആർ ഓവർ. ഹൗ ഡിഡ് യൂ അപ്ലൈ ഫോർ ദിസ് ജോബ്? ഐ ഹാവ് നോട്ട് സീൻ യുവർ നെയിം.”
(ക്ഷമിക്കണം. ഇന്നത്തെ ഇന്റർവ്യൂകൾ കഴിഞ്ഞു. നിങ്ങൾ ഈ ജോലിക്ക് എങ്ങനെയാണ് അപേക്ഷിച്ചത്? നിങ്ങളുടെ പേര് ഞങ്ങളുടെ ലിസ്റ്റിലില്ല.)
അശ്വിൻ ഇന്റർവ്യൂ കൺഫർമേഷൻ ലെറ്റർ കാണിച്ചു കൊടുത്തു. ആനിയുടെ കയ്യിലും അതേ ലെറ്റർ തന്നെയായിരുന്നു.
കോർഡിനേറ്റർ :
“ദിസ് ഈസ് നോട്ട് ഫ്രം അസ്. വീ ആർ നോട്ട് ഹയറിംഗ് ത്രൂ എനി തേർഡ് പാർട്ടി ഏജന്റ്.”
(ഇത് ഞങ്ങളുടെ ലെറ്ററല്ല. ഞങ്ങൾ ഒരു മൂന്നാം കക്ഷി ഏജന്റിലൂടെയും നിയമനം നടത്തുന്നില്ല.)
അശ്വിൻ ഇന്റർവ്യൂവിനെത്തിയത് ഒരു ഏജന്റ് മുഖേനയായിരുന്നു
അശ്വിൻ ഉടൻ ഏജന്റിനെ വിളിച്ചു,പക്ഷേ ആ നമ്പർ നിലവിലില്ലെന്ന് അറിയാൻ കഴിഞ്ഞു.
അശ്വിൻ :
“കാൻ യൂ ഹെൽപ്പ് അസ് ടു അറ്റൻഡ് ദ ഇന്റർവ്യൂ?”
(ഞങ്ങൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സഹായിക്കുമോ?)
കോർഡിനേറ്റർ :
“സോറി,ടുഡേസ് ഇന്റർവ്യൂസ് ആർ ഫിനിഷ്ഡ്. ദ ഇന്റർവ്യൂവർ ഹാസ് ആൾറെഡി ലെഫ്റ്റ്. ഐ തിങ്ക് സംവൺ ചീറ്റഡ് യൂ.”
(ക്ഷമിക്കണം. ഇന്നത്തെ ഇന്റർവ്യൂകൾ അവസാനിച്ചു. ഇന്റർവ്യൂവർ പോയിക്കഴിഞ്ഞു. ആരോ നിങ്ങളെ ചതിച്ചതാണെന്ന് തോന്നുന്നു.)
കോർഡിനേറ്ററുടെ വാക്കുകൾ കേട്ട നിമിഷം ആനിയുടെ മുഖം വിളറി കണ്ണു കൾ നിറഞ്ഞൊഴുകി
ആനി :
“എന്റെ ഒരുപാട് പ്രതീക്ഷയായിരുന്നു ഈ ജോലി. എന്റെ അച്ഛൻ ആരോടൊക്കെയോ കടം വാങ്ങിയാണ് എന്നെ ഈ ഇന്റർവ്യൂവിന് അയച്ചത്.”
അശ്വിൻ :
“എന്റെ അമ്മയുടെ വള പണയം വെച്ചാണ് ഞാൻ അയാൾക്ക് അമ്പതിനായിരം രൂപയാണ് നൽകിയത്,അയാൾ നമ്മളെ പറ്റിച്ചു.”
അശ്വിൻ ആനിയെ ആശ്വസിപ്പിച്ചു അല്പനേരത്തിനു ശേഷം യാത്ര പറഞ്ഞ് അശ്വിൻ നടന്നു നീങ്ങി.
നഗരത്തിന്റെ തിരക്കും വാഹനങ്ങളുടെ ശബ്ദവും ചുറ്റുമുണ്ടായിരുന്നു. പക്ഷേ അശ്വിൻ അതൊന്നും ശ്രദ്ധക്കാതെ നിശ്ശബ്ദനായി തകർന്ന സ്വപ്നങ്ങളുടെ ഭാരവുമായി ലക്ഷ്യമില്ലാതെ നടന്നു.
സവാദിന്റെ ഫോൺ വരുന്നുണ്ടായിരുന്നു. പക്ഷേ അശ്വിൻ അതെടുത്തില്ല.
വഴിപാടുകളും പ്രാർത്ഥനയുമായി
മകൻ എഞ്ചിനീയറായി വരുന്നതും കാത്തിരിക്കുന്ന അമ്മയോട് എന്ത് പറയും?
ഞാൻ കണ്ട സ്വപ്‌നങ്ങൾ തകർന്നു.കണ്ണുകൾക്ക് കാഴ്ച്ച മങ്ങുന്ന പോലെ അശ്വിന്റെ മനസ്സിൽ ആശങ്കയുടെ ഇരുൾ വീണു.
ഒടുവിൽ അശ്വിൻ സവാദിന്റെ കോളെടുത്തു.
സവാദ് :
“നീ ഒന്നും പറയണ്ട. നീ ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി. റൂമിൽ വന്നിട്ട് സംസാരിക്കാം.”
റൂമിൽ ഒരുപാട് ദിവസം നിന്ന് സാവാദിനും കൂട്ടുകാർക്കും ബുദ്ധിമുട്ടാകാതെ നാട്ടിലേക്ക് തിരിച്ചു വണ്ടി കയറാൻ തീരുമാനിച്ചു.
അശ്വിൻ റൂമിലെത്തിയപ്പോൾ നേരം ഏറെ വൈകിയിരുന്നു. സവാദും കൂട്ടുകാരും അവനെ കാത്തിരിക്കുകയായിരുന്നു.
സവാദ് :
“, നീയെങ്ങനെയാ ഈ ജോലിയുടെ കാര്യമറിഞ്ഞത്? ആരാ ഈ ഏജന്റ്?”
അശ്വിൻ :
“ഫേസ്ബുക്കിൽ കണ്ട ഒരു പരസ്യമാണ്. അതിലെ നമ്പറിൽ വിളിച്ചതാണ്.”
സവാദ് :
“അയ്യാളുടെ നാട് എവിടെയാണ് ? ഏജൻസി ഓഫീസ് എവിടെയാണ് ?”
അശ്വിൻ :
“നിതീഷ് എന്നാണ് പേര്. അത്രയേ അറിയൂ. നേരിൽ കണ്ടിട്ടില്ല. ഫോണിലൂടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ.”
സവാദ് :
“ഡാ അശ്വിനെ, ഒരു അറിവും ഇല്ലാത്ത ഒരാൾക്ക് നീ ഈ പണം മുഴുവൻ കൊടുത്തോ?”
അപ്പോഴാണ് തുഷാർ ഇടപെട്ടത്.
തുഷാർ :
“ഡാ സവാദേ, നീ അവനെ കൂടുതൽ വിഷമിപ്പിക്കണ്ട.”
സവാദ് :
“തുഷാറേ, നീ എന്താ പറയുന്നത്? ഫേസ്ബുക്കിൽ കണ്ട ഒരു പരസ്യം വിശ്വസിച്ച് ആർക്കെങ്കിലും പണം കൊടുക്കുമോ? ഇവന് നല്ല അടികൊടുക്കണം.”
സവാദ് :
“ഇനി എന്താണ് നിന്റെ തീരുമാനം?”
അശ്വിൻ :
“ഒന്നുമില്ല. നാട്ടിലേക്ക് വണ്ടി കയറണം. പോലീസിൽ കേസ് കൊടുക്കണം.”
തുഷാർ :
“മോനെ അശ്വിനെ നീ വിഷമിക്കാതെ , ഈ ബോംബെയിൽ എത്ര കമ്പനികളുണ്ടെന്ന് നിനക്കറിയുമോ? ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ,നീ ഇവിടെ നിന്ന് സാവധാനം ജോലി കണ്ടുപിടിച്ചാൽ മതി. എനിക്കുറപ്പുണ്ട്, ഇന്ന് നിനക്ക് നഷ്ടമായതിലും നല്ലൊരു ജോലി നിനക്ക് കിട്ടും.”
സവാദ് :
“ഡാ അശ്വിനെ, ഞാൻ പറഞ്ഞത് നിനക്ക് വിഷമമായോ? നമുക്ക് ഇതിലും നല്ലത് കിട്ടും, നീ വിഷമിക്കണ്ട കേട്ടോ ”
തുഷാർ :
“ഡാ, ഈ റൂമിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ നിന്നെപ്പോലെ വന്നവരാണ് ഞങ്ങൾ എല്ലാവരും. എല്ലാവർക്കും ഓരോ കഥകളുണ്ട്. പക്ഷേ ഇന്ന് എല്ലാവർക്കും ജോലിയുണ്ട്.”
സവാദ് :
“അപ്പോൾ കേസ് കൊടുക്കാൻ എന്ത് ചെയ്യും?”
തുഷാർ :
“വേണ്ട. നീ ഏജന്റിന് ഒരു ‘താങ്ക് യു’ മെസേജ് അയച്ചേരെ. ‘ജോലി കിട്ടി, നന്ദി’ എന്നും പറഞ്ഞ്.”
അശ്വിൻ :
“അതെന്തിനാ?”
തുഷാർ :
“അതൊക്കെയുണ്ട്, നീ അയക്ക് ”
അത് കേട്ട് എല്ലാവരും ചെറുതായി ചിരിച്ചു.
ദിവസം മുഴുവനും മനസ്സിൽ കെട്ടികിടന്ന ഭാരം അൽപം കുറഞ്ഞതായി അശ്വിന് തോന്നി.ജനലരികിൽ നിന്നുകൊണ്ട് പുറത്തുള്ള നഗരവെളിച്ചങ്ങളിലേക്ക് അശ്വിൻ നോക്കി നിശബ്ദനായി നിന്നു
ഒരാളുടെ വഞ്ചനമുലം തന്റെ സ്വപ്നത്തെ തകർത്തിരിക്കാം. പക്ഷേ തന്റെ മനസ്സിനെ തോൽപ്പിക്കാൻ അതിന് കഴിയില്ല.
ഇനി ഞാൻ ഇവിടെ നിന്ന് ജയിച്ചേ മടങ്ങു.
അശ്വിന്റെ മുംബൈ യാത്ര തുടരും-