ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തും പ്രതി, തെളിവുണ്ടെന്ന് എസ്ഐടി
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തും ഭരണ സമിതിയും പ്രതിസ്ഥാനത്ത്. 2025ല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. 2019ലെ തട്ടിപ്പ് മറച്ചുവയ്ക്കാന്‍ 2023ല്‍ ഗൂഢാലോചന തുടങ്ങിയെന്നും എസ്‌ഐടി വ്യക്തമാക്കി.
ഭരണ സമിതി അംഗങ്ങളും തന്ത്രി കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാർട്ട് ക്രിയേഷൻസും ഉള്‍പ്പടെയുള്ളവര്‍ കേസിൽ പ്രതികളാകും. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്വർണക്കൊള്ളയിൽ തുടർച്ചയായ ഗുഢാലോചന നടന്നെന്നും 2019ലെ ഗൂഢാലോചനയുടെ തുടർച്ച 2025ലും നടന്നെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
2019ൽ സ്വർണപ്പാളികൾ കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റിയും ബോർഡിലെ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട് പരിശോധിച്ച കോടതി കണ്ടെത്തി. 2019ൽ സ്വർണ പാളികളിലെ സ്വർണം ഊറ്റിയ ശേഷം വിശ്വാസ്യത ബോധ്യപ്പെടുത്താൻ 40 വർഷത്തെ ഗ്യാരൻ്റി സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു. എന്നാൽ, പാളികളിലെ ചെമ്പ് തെളിയാൻ തുടങ്ങിയതോടെ വീണ്ടും സ്വർണം പൂശൽ ആവശ്യവുമായി പോറ്റി ബോർഡിനെ സമീപിക്കുകയായിരുന്നു.
കള്ളം പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥരും ഭരണ സമിതി അംഗങ്ങളുമായി ഉണ്ണികൃഷ്ണൻ പോറ്റി ക്രമിനൽ ഗൂഢാലോചന നടത്തി. 2023 നവംബറിൽ പി.എസ് പ്രശാന്ത് ബോർഡ് പ്രസിഡൻ്റായതോടെ നീക്കം ഊർജിതമാക്കിയെന്നും ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവും ലംഘിച്ച് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കടത്തിയെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഗൂഢാലോചനയിൽ ദേവസ്വം ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവ് കണ്ടെത്താനായെന്ന് റിപ്പോർട്ട് പരിശോധിച്ച കോടതി
നിരീക്ഷിച്ചു.