ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ബിഹാറിൽ പ്രത്യേക സമഗ്രപരിശോധനയ്ക്ക് ശേഷമുള്ള അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. ആഗസ്റ്റ് 1 ലെ കരട് വോട്ടർ പട്ടികയിൽനിന്നും 18 ലക്ഷം വോട്ടർമാരെ അധികം ചേർത്തു. 21.53 ലക്ഷം പുതിയ വോട്ടർമാരാണ് പട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ വലിയ തോതിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയർന്നിരുന്നു.
3.66 ലക്ഷം വോട്ടർമാരെ കരട് വോട്ടർപട്ടികയിൽനിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പഴയ പട്ടികയിലെ 47 ലക്ഷം പേരെ ഒഴിവാക്കിയുള്ളതാണ് അന്തിമ പട്ടിക. ആഗസ്റ്റിലെ കരട് പട്ടികയേക്കാൾ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം നിലവിലെ അന്തിമ പട്ടികയിൽ കുറഞ്ഞു.