നാല് ദിവസത്തിനുള്ളിൽ പ്രതികരിക്കണം, ഇല്ലെങ്കിൽ ഇസ്രായേൽ ചെയ്യേണ്ടത് ചെയ്തിരിക്കും: സമാധാന കരാറിൽ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്

വാഷിംഗ്ടൺ: ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഹമാസ് പ്രതികരിക്കണമെന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
തങ്ങൾ മുന്നോട്ടുവച്ച പദ്ധതി ഹമാസ് അംഗീകരിക്കണമെന്നും അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. എല്ലാ അറബ് രാജ്യങ്ങളും ഇസ്രായേലും ഒപ്പുവച്ചു. ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഹാമസ് നിർദേശങ്ങൾ അംഗീകരിക്കുമോ ഇല്ലയോയെന്ന് അറിയണം. ഞങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഹമാസ് പ്രതികരിക്കണം. ഇതിനായി മൂന്നോ നാലോ ദിവസം സമയം നൽകും. അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും. ഇതിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ ഇസ്രായേൽ ചെയ്യേണ്ടത് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് നെതന്യാഹു സമാധാന കരാർ പ്രഖ്യാപിച്ചത്. ഇസ്രയേലും ഹമാസും നിബന്ധനകൾ അംഗീകരിച്ചാൽ ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും 72 മണിക്കൂറിൽ എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും കരാറിൽ പറയുന്നു.