വിജയ്‍യുടെ കരൂർ റാലിക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും 31 മരണം

കരൂർ: നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 31പേർ മരിച്ചതായി റിപ്പോർട്ട്. ആയിരക്കണക്കിന് അനുയായികൾ പങ്കെടുത്ത റാലിയിൽ ജനക്കൂട്ടം സ്റ്റേജിലേക്ക് തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തെത്തുടർന്ന് വിജയ് പ്രസംഗം പാതിവഴിയിൽ നിർത്തി പോലീസിന്റെ സഹായം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് അറിയിക്കുകയും ഉദ്യോഗസ്ഥരോട് സഹായം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
റാലിക്കിടെ നിരവധി പേര്‍ കുഴഞ്ഞുവീണു. 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആരോഗ്യ മന്ത്രിയോട് കരൂരിലെത്താന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.
വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടിവികെ പ്രവർത്തകർ കുഴഞ്ഞു വീണതിന് പിന്നാലെ വിജയ് പ്രസംഗം നിർത്തിവച്ചു പൊലീസിനോട് സഹായം ആവശ്യപ്പെട്ടു. പരിക്കേറ്റവരെ കരൂർ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.