മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു നേതാവിന്റെ വീടിനു നേരെ ബോംബേറ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെഎസ്‌യു നേതാവ് ബിതുൽ ബാലന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു. കോഴിക്കോട് തിരുവള്ളൂരിലെ വീടിനുനേരെ വെള്ളിയാഴ്ച പുലർച്ചെ 2.37-ഓടെയാണ് ആക്രമണമുണ്ടായത്.
കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിതുൽ നിലവിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. അക്രമികൾ സ്‌ഫോടകവസ്തു എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലായിരുന്ന മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും മെഡിക്കൽ ബോർഡ് വിലയിരുത്തി.