ആശാ വർക്കർമാർക്ക് 2000 രൂപ, തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും, റോഡിലെ കുഴിയടയ്ക്കാൻ എമർജൻസി ടീം; യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പത്രിക പ്രകാശന ചടങ്ങിൽ സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പങ്കെടുത്തു.
ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കുമെന്നും വന്യജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകുമെന്നും അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നും ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കുഎന്നും പത്രികയിൽ പറയുന്നു.
മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാൻ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകും. അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നിർമ്മിക്കും. കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്ക്ക് എടുത്ത് നൽകും. ഭവന പദ്ധതി ഗുണഭോക്താക്കളെ ഗ്രാമസഭകൾ വഴി പ്രാദേശികമായി കണ്ടെത്തും.
തദ്ദേശ റോഡുകൾ സ്മാർട്ടാക്കും. 48 മണിക്കൂറിനുള്ളിൽ റോഡിലെ കുഴികൾ നികത്താൻ എമർജൻസി ടീമിനെ സജ്ജമാക്കും. നഗരങ്ങളിലെ വെള്ളക്കെട്ട് തടയാൻ ഓപ്പറേഷൻ അനന്ത മോഡൽ നടപ്പിലാക്കും. തെരുവ് നായ പ്രശ്‌നങ്ങളിൽ നിന്നും ശാശ്വത പരിഹാരം കാണും. റാബീസ് പിടിപെട്ട തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യും. ആശാവർക്കർമാർക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകും. സംസ്ഥാനത്തെ എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട് നൽകും എന്നിങ്ങനെയുള്ള വാഗ്‌ദങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.