വെനസ്വേലയ്ക്കുപിന്നാലെ കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ അയൽരാജ്യമായ കൊളംബിയയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് സന്ദേശം നൽകിയിരിക്കുന്നത്. മയക്കുമരുന്നിന്റെ നിർമാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്ക്ക് സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
കൊളംബിയക്കെതിരായ പുതിയ സൈനിക ഓപ്പറേഷനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത് "നല്ല കാര്യമായി തോന്നുന്നു" എന്നായിരുന്നു ട്രംപിന്റെ മറുപടി. എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റ് ഗുസ്‌താവോ പെട്രോയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. "കൊളംബിയ ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ്. മയക്കുമരുന്ന് നിർമ്മാണവും അമേരിക്കയിലേക്കുള്ള അതിന്റെ കടത്തും ഇഷ്ടപ്പെടുന്ന ഒരാളാണ് ആ രാജ്യം ഭരിക്കുന്നത്," ട്രംപ് ആരോപിച്ചു.
മയക്കുമരുന്ന് മാഫിയക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി മെക്സിക്കോയിലേക്കും കൊളംബിയയിലേക്കും സൈനിക ഓപ്പറേഷൻ വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.