തിരിച്ചറിവ്: കഥ , ആനി കോരുത്

തിരിച്ചറിവ്: കഥ ,  ആനി കോരുത്

 തങ്കമണി ടീ ച്ചർ ഇന്നും സ്ക്കൂളിൽ വന്നില്ല. രണ്ടു ദിവസമായി വന്നിട്ട് . ടീച്ചറിന്റെ വീടു വരെ പോയാലോ. മകന് നല്ല സുഖമില്ലായെന്നാണ് ഓഫീസിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത്. ടീച്ചറിന്റെ വീടിനടുത്തു കൂടെയും തനിക്ക് വീട്ടിൽ പോകാം . അല്പം ചുറ്റാണെന്നു മാത്രം. ഏതായാലും പോവുക തന്നെ.

       ടീച്ചർ ഈ സ്ക്കൂളിൽ വന്നിട്ടു കഷ്ടിച്ചു ഒരു മാസമേ ആയൊള്ളു. ആദ്യമായി ടീച്ചറിനെ കണ്ടപ്പോൾത്തന്നെ എന്തോ ഒരു ഇഷ്ടം തോന്നിച്ചിരുന്നു. മുഖത്ത് സദാ ഒരു പ്രസന്നത. വളരെ ഇരുത്തം വന്ന പ്രകൃതം.എച്ച്.എം.ആരോടോ അഭിപ്രായം പറയുന്നതു കേട്ടു ടീച്ചർക്ക് നല്ല ക്ലാസ്സ് കൺട്രോൾ ഉണ്ടെന്ന്. അദ്ദേഹം ആരെക്കുറിച്ചും അങ്ങനെ ഒന്നും അഭിപ്രായം പറയാത്ത ആളാണ്.

      എതിരെ വന്ന ആളോട് ടീച്ചറിന്റെ വീട് ഒന്നുകൂടി ചോദിച്ച് തിട്ടപ്പെടുത്തി. ഗേറ്റ് മെല്ലെ തുറന്ന് അകത്തേയ്ക്ക് കയറി. ആരെയും കണ്ടില്ല. ടീച്ചറും അമ്മയും മകനും കൂടിയാണീ വാടക വീട്ടിൽ താമസിക്കുന്നത് .ടീച്ചറിന്റെ ഭർത്താവ് പുറത്ത് എവിടെയോ ആണെന്നാണ് കേട്ടത്.

       കോളിംഗ് ബെൽ അടിച്ചു.തലമുടി നരച്ചു തുടങ്ങിയ ഒരു തറവാട്ടമ്മ പുറത്തേയ്ക്കു വന്നു. ടീച്ചറിന്റെ അതേ ഛായ

"ആരാ? എനിക്കു മനസ്സിലായില്ല "

" തങ്കമണി ടീച്ചറിന്റെ കൂടെ പഠിപ്പിക്കുന്ന ആളാ;

" കയറി ഇരിക്കു ഞാനിപ്പം മോളെ വിളിക്കാം"

"മോളെ തങ്കമണി, ഇങ്ങോട്ട് ഒന്നു വന്നേ. നിന്നെ കാണാൻ ....." ടീ ച്ചർ വാതിക്കൽ വന്നു.

" അയ്യോ ലളിത ടീ ച്ചർ! ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതേയില്ല". ടീ ച്ചർ ഓടി വന്നു കയ്യ് പിടിച്ചു അകത്തു കൊണ്ടുവന്നു ഇരുത്തി.

" ടീ ച്ചറേ കാണാഞ്ഞതു കൊണ്ട് ഞാൻ അന്വേഷിച്ചിറങ്ങിയതാ "താൻ കുശലം പറഞ്ഞു.

"എന്തു ചെയ്യാനാ ടീച്ചറെ മോനൊരു പനിയും ഛർദ്ദിയുമൊക്കെ. അസുഖം വന്നാൽ അവൻ എന്നെ എങ്ങോട്ടും വിടില്ല"

"ഇപ്പോ എങ്ങനെയുണ്ട്?"

"പനി കുറഞ്ഞെങ്കിലും ഛർദ്ദി അങ്ങോട്ടു വിട്ടു മാറുന്നില്ല"

"ഡോക്ടറെ കാണിച്ചോ ?"

"ഉവ്വ്... മരുന്നൊക്കെ സമയത്തു തന്നെ കൊടുക്കുന്നുണ്ട്. അതാ ഞാൻ ലീവ് എടുത്തത്. അമ്മയെക്കൊണ്ട് തനിയെ അതൊന്നും പറ്റത്തില്ല " ടീച്ചറെ അവിടെ ഇരിക്കണേ.ഞാൻ ഇപ്പോ വരാം" '

    അടുക്കളേൽ പാത്രങ്ങൾ അനങ്ങുന്ന ശബ്ദം. ഞാൻ സമയം നോക്കി. മോനിപ്പോൾ വന്നു കാണും' അടുത്താഴ്ച മിഡ് ടേം എക്സാം തുടങ്ങുകയാണ്. പക്ഷേ, അവന് അതൊന്നും ഒരു വിചാരവും ഇല്ല. കളി തന്നെ കളി. വെറുതേ നടക്കുമ്പോൾ പോലും ക്രിക്കറ്റിനു ബോൾ എറിയുന്നതു പോലെ ആക്ഷൻ കാണിച്ചാണ് നടപ്പ്. പ്രാന്ത്... അല്ലാതെന്താ ? ക്രിക്കറ്റ് കളിച്ചോണ്ടു ഇരുന്നാൽ 'പരീക്ഷയ്ക്കു മാർക്കു കിട്ടുമോ? മാർക്ക് കുറഞ്ഞാലത്തെ സ്ഥിതിയോ? ഓ! ആ നാൻസി ടീച്ചറിന്റെ മുമ്പിൽ ചൂളിപ്പോകുന്ന കാര്യം ഓർക്കാനേ പറ്റില്ല. ടീച്ചറിന്റെ മകൾക്ക് എല്ലാ വിഷയത്തിനും ഫുൾ മാർക്കാണത്രേ - സ്റ്റാഫ് റൂമിൽ ഇരുന്ന് എപ്പോഴും മോളുടെ പൊക്കം പറയാനാണ് അവർക്കു നേരം!

തന്നെ കണ്ടാലുടനെ ചോദിക്കും മോന്റെ മാർക്ക് . ഇരുപത്തിയഞ്ചിൽ പതിനെട്ടും പത്തൊൻപതും വാങ്ങുന്ന അവന്റെ മാർക്ക് പബ്ലിക്കായി പറയാനേ തോന്നുകയില്ല. അതിനാൽ നാൻസി ടീ ച്ചർ സ്റ്റാഫ് റൂമിൽ ഉണ്ടെങ്കിൽ താൻ സൂത്രത്തിൽ ലൈബ്രറിയിൽ പോയിരിക്കും' മറ്റുള്ളവരുടെ മുമ്പിൽ തന്റെ തല കുനിഞ്ഞു പോകുന്നതിനെക്കുറിച്ചൊന്നും അവനോട് പറഞ്ഞാലൊന്നും ഒരു വിശേഷവും ഇല്ല. നാഴികയ്ക്കു നാല്പതു വട്ടം " പഠിക്കടാ, പഠിക്കടാ " എന്നു പറഞ്ഞു കൊണ്ടിരിക്കണം. പഠിക്കാനിരുന്നാലോ അപ്പം അവന് വിശപ്പും ദാഹവും ഉറക്കം വരലുമൊക്കെയാണ്. എന്ന് അവന് ചുമതലാബോധം വരുമോ എന്തോ?

"എന്താ ടീ ച്ചറെ തനിച്ചിരുന്ന് ബോറടിച്ചോ? "ചായയുമായി തങ്കമണി ടീച്ചർ മുമ്പിൽ

" 'ഓ അതൊന്നുമില്ല: മോനിപ്പം വീട്ടിൽ വന്നു കാണും. അക്കാര്യം ഓർത്തതാ."

"ബാ ടീച്ചറെ, മോനെ കാണേണ്ടേ " ടീച്ചർ മുറിയിലേക്ക് നടന്നു കൊണ്ടു പറഞ്ഞു. ഒരു നിമിഷം താൻ ഞെട്ടിപ്പോയി! തന്റെ മുമ്പിൽ' വലിയ, ഒരു കുട്ടി കിടക്കുന്നു! പത്തിരുപത് വയസ്സുള്ള ഒരു കുഞ്ഞ് മുഖം കണ്ടാലേ അറിയാം മന്ദബുദ്ധിയാണെന്ന്. വായിലൂടെ തുപ്പൽ ഒലിപ്പിച്ചു കൊണ്ടിരിക്കുന്നു.

"എന്താ മോനെ. ഈ കാണിക്കുന്നത്? നല്ല കുട്ടികൾ ഇങ്ങനെ കാണിക്കുമോ? ടീച്ചർ ശാസനയും വാത്സല്യവും കൂട്ടിക്കുഴച്ച സ്വരത്തിൽ പറഞ്ഞു. എന്നിട്ടാ മുഖം ടൗവ്വലുകൊണ്ട് തുടച്ചു വൃത്തിയാക്കി.

"മോനെ ഇവിടെ അടുത്തുള്ള സ്പെഷ്യൽ' സ്കൂളിൽ വിടാനുള്ള സൗകര്യത്തിനാ ഇങ്ങോട്ടു ട്രാൻസ്ഫർ വാങ്ങിയത്. സ്കൂളിൽ പോകാൻ തുടങ്ങിയതിൽപ്പിന്നെ അവനൊത്തിരി മാറ്റമുണ്ട്. സ്വന്തം കാര്യങ്ങൾ കുറെയൊക്കെ തന്നെ ചെയ്യാൻ പഠിച്ചു. ങാ ഞങ്ങൾ ഇല്ലാതായാലും അവന് ജീവിക്കേണ്ടേ " ടീ ച്ചർ വാത്സല്യത്തോടെ അവന്റെ മുടിയൊതുക്കി നെറ്റിയിൽ ഉമ്മ വച്ചു കൊണ്ടു പറഞ്ഞു.

സത്യത്തിൽ എന്തു പറയണമെന്നറിയാതെ കുഴങ്ങി നിന്ന എനിക്ക് എങ്ങനെ എങ്കിലും അവിടെ നിന്ന് പുറത്ത് ഇറങ്ങിയാൽ മതി എന്നായിരുന്നു. ഇത്ര വലിയ ഒരു കനൽ ടീ ച്ചറിന്റെ നെഞ്ചിൽ എരിയുന്നുണ്ടായിരുന്നോ? അതൊന്നും പുറത്തു കാണിക്കാതെ തികച്ചും സന്തോഷവതിയായി...

     തിരിച്ച്  വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. എന്തിനാണ് എന്റെ റോഷൻ മോനോട് മാർക്ക് കുറഞ്ഞു എന്നു പറഞ്ഞ് വഴക്കുണ്ടാക്കിയത്, അവന്റെ കഴിവുകളെ കാണാനുള്ള കഴിവ് എനിക്കില്ലാതെ പോയല്ലോ? കിട്ടിയ സൗഭാഗ്യങ്ങളെ ഞാൻ മനസ്സിലാക്കിയില്ലലോ ദൈവമേ! നിറഞ്ഞൊഴുകിയ കണ്ണീർ ആരും കാണുന്നതിനു മുമ്പെ ഞാൻ തുടച്ചു കളഞ്ഞ് വേഗം വീട്ടിലേക്ക് നടന്നു '