ഇതാ നിനക്കൊരു മകന്‍! പോൾ ചാക്കോ, ന്യുയോർക്ക്

'ഇക്കണക്കിന് പോയാ നാളെ സ്‌കൂള്‍ അവധിയാരിക്കും`
വിന്‍ഡോയുടെ ബ്ലൈണ്ട്‌സ്‌പൊക്കി വെളിയിലേക്ക് നോക്കി സുമ പറഞ്ഞു. വെളിയില്‍ ഇപ്പൊ തന്നെ എഴിഞ്ചിന് മുകളില്‍ മഞ്ഞുണ്ട്. ഇത്രേം ഘനത്തില്‍ മഞ്ഞു വീണാല്‍ പിറ്റേന്ന്‌സ്‌കൂളുകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കാറുണ്ട്.
ഇന്ന് വ്യാഴം. നാളെ വെള്ളി. ഡിസംബര്‍ മാസ്സത്തിലെ രണ്ടാമത്തെ വെള്ളിയാഴ്‌ച്ച. പതിമൂന്നാം തീയതി.
'നാളെ അവധിയായാല്‍ മതിയാരുന്നു' സുമ മനസ്സിലോര്‍ത്തു. രാവിലെഎഴുന്നേല്‍ക്കണ്ടല്ലോ. പിള്ളാരെ സ്‌കൂളില്‍ പറഞ്ഞയക്കുന്നത് ഒരു യുദ്ധംതന്നെ. അതുങ്ങള് വീട്ടില്‍ ഉണ്ടെങ്കില്‍ അതിലും പാടാ.
മൂത്തവള്‍ വിളിച്ചാല്‍ ഉടനെ എണീക്കും, പക്ഷെ എണീറ്റാല്‍ അവള്‍ക്ക് പല പല ഡിമാണ്ടുകളാണ്. രണ്ടാമത്തവളെ എണീപ്പിക്കുന്നത് തന്നെ ഒരു ജോലിയാ.
രണ്ടും എണീറ്റാലോ...പിന്നെ തമ്മില്‍ കടിച്ചു കീറും. പരാതി തീര്‍ന്ന സമയമില്ല..
സ്‌കൂള്‍ കൌണ്‍സലര്‍ പറയുന്നു, ഇതൊക്കെ ഒരു ഫേസ് ആണ്, ഒക്കെ മാറുമെന്ന്. മാറിയാ മതിയാരുന്നു. രണ്ടാള്‍ക്കും ഇടനില നിന്ന് മടുത്തു.
പാതി നിറഞ്ഞ ഗ്ലാസ് രണ്ടുകൈകളിലും ഇട്ടുരുട്ടി വര്‍ക്കി ഏഷ്യാനെറ്റ് ന്യൂസ് കാണുന്നു. നാട്ടിലെ ഓരോരോ പുകിലുകള്‍. ശബരിമല...വനിതാ മതില്‍...ലോകസഭാ തിരഞ്ഞെടുപ്പ്.
കക്ഷി നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല രാഷ്ട്രീയം ആയിരുന്നു. അമേരിക്കേല്‍ വന്നതില്‍ പിന്നെ അത്ര ശോഭിക്കാന്‍ പറ്റിയിട്ടില്ല. അതിന്‍റെ കലിപ്പുണ്ട് താനും. ഇടയ്‌ക്കിടെ ലോക്കല്‍ അസ്സോസിയേഷനുകളില്‍ മസ്സില് പിടിക്കുന്നത് കാണാം.
''മണി പത്തരയായി. കിടന്നേക്കാം'' സുമ കരുതി. അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്‌തു തിരിഞ്ഞപ്പോള്‍ വീട്ടിലെ ലാന്‍ഡ് ലൈന്‍ അടിച്ചു.
ആരാവും ഇപ്പൊ ഈ നേരത്ത് ലാന്‍ഡ് ലൈനില്‍? ഇയ്യിടെയായി ആരും അതില്‍ വിളിക്കാറില്ല. വിര്‍ജീനിയയില്‍ താമസം തുടങ്ങിയ കാലത്ത് എടുത്ത ഫോണാ. അന്ന് മൊബൈല്‍ ഫോണ്‍ ഇത്രേം പ്രചാരമായിട്ടില്ല. അതിനാല്‍ സ്‌കൂളിലും പള്ളീലും ഒക്കെ ലാന്‍ഡ് ലൈന്‍ നമ്പരാണ് കൊടുത്തിരിക്കുന്നത്.
നാളെ സ്‌കൂള്‍ അവധിയാണെന്ന് അറിയിക്കാന്‍ സ്‌കൂള്‍ ഒഫീസീന്നാവും. എങ്കില്‍ നന്നായി
''ഹലോ'' സുമ സന്തോഷത്തോടെ ഫോണ്‍ ചാടിയെടുത്തു.
''ഹല്ലോ സുമയല്ലേ? വര്‍ക്കി കിടന്നോ''
പരിചയമില്ലാത്ത ഒരു മലയാളി ശബ്ദം.
''ഇല്ല കിടന്നില്ല. ആരാ ഇത്?''
''ഹ ഹ ഹ ഇത് മുരളി. ഓര്‍ക്കുന്നോ. ഷിക്കാഗോ. നിങ്ങടെ കല്യാണത്തിന് ഞാനുണ്ടാരുന്നു. മറന്നോ?''
വര്‍ക്കിയുടെ കൂടെ എം.സി.എക്ക് പഠിച്ചതാ കോയമ്പത്തൂരില്‍. വര്‍ക്കിയുടെയും സുമയുടെയും കല്യാണത്തിന് വന്നിരുന്നു. അന്ന് വര്‍ക്കി പരിചയപ്പെടുത്തിയിരുന്നു. വായെടുത്താല്‍ ചിരിക്കാനുള്ളതേ പറയൂ. തമാശക്കാരന്‍. ഇപ്പൊ ഷിക്കാഗോയില്‍ താമസം. ഭാര്യ കാര്‍ത്തിക നേഴ്‌സ്. ഒരു മകന്‍. പേര് വൈശാഖ്. അപ്പനെ പോലെ എല്ലാ മേഖലയിലും മിടുക്കന്‍.
''ഉവ്വ് ഓര്‍ക്കുന്നു. എന്തുണ്ട് പുതിയ വിശേഷം?''
ഒരു മലയാളി വേറൊരു മലയാളിയെ കണ്ടാല്‍ ആദ്യം ചോദിക്കുന്ന അര്‍ത്ഥമില്ലാത്ത ചോദ്യം സുമയും ചോദിച്ചു.
''എന്ത് വിശേഷം സുമ. അങ്ങനെ പോകുന്നു. അവിടെ എന്തുണ്ട്?''
''ഒന്നുമില്ല'' കിടക്കാന്‍ പോവാരുന്നു എന്ന് പറയാന്‍ സുമയുടെ വായില്‍ വന്നതാ പക്ഷെ അത് മര്യാദ അല്ലല്ലോ എന്നോര്‍ത്ത് പറഞ്ഞില്ല.
''വര്‍ക്കി ഉറങ്ങിയോ'' മുരളി ചോദിച്ചു.
''ഇല്ല, ഇപ്പൊ കൊടുക്കാം''
''ആരാ'' ടീവിയില്‍ നിന്നും കണ്ണെടുത്ത് ആംഗ്യ ഭാഷയില്‍ വര്‍ക്കി ചോദിച്ചു.
''മുരളി...ങ്ങടെ സുഹൃത്ത്''
ക്ലോക്കില്‍ നോക്കിയിട്ട് വര്‍ക്കി വലതുകൈയില്‍ ഗ്ലാസ് പിടിച്ച് ഇടതുകൈ കൊണ്ട് ഫോണ്‍ എടുത്തു. 'വിളിക്കാന്‍ കണ്ട നേരം!' അമര്‍ഷം അയാളുടെ മുഖത്ത് പ്രകടമായിരുന്നു.
''എടാ വര്‍ക്കി. നിനക്ക് സുഖിച്ചില്ല ഈ സമയത്ത് ഞാന്‍ വിളിച്ചത് അല്ലേടാ...?'' വര്‍ക്കിയുടെ മനസ്സ് വായിച്ച പോലെ മുരളി പറഞ്ഞു.
''ഏയ് എന്താടാ നീ ഈ പറയണേ. എന്നെ നീ അങ്ങനെ...'' വളിപ്പ് മാറ്റി വര്‍ക്കി ചോദിച്ചു.
അത് മുഴുമിക്കുന്നതിന് മുന്‍പേ മുരളി പറഞ്ഞു.
''എങ്കില്‍ നീ എനിക്കൊരു ഉപകാരം ചെയ്യണം''
ഒരു മറുപടിക്ക് കാക്കാതെ മുരളി തുടര്‍ന്നു. ''ഞങ്ങള് ന്യൂ യോര്‍ക്കിന് പോവാരുന്നു പക്ഷെ വഴിയില്‍ എന്തോ ആക്‌സിഡണ്ട്. ഹൈവേ അടച്ചു. പോലീസ് ആരേം മുന്‍പോട്ട് വിടുന്നില്ല''.
''ഞങ്ങളിപ്പൊ നിക്കുന്നിടത്തൂന്ന് നിങ്ങടെ വീട്ടിലോട്ട് അരമണിക്കൂറെ ഉള്ളു''. മുരളി തുടര്‍ന്നു.
ഷിക്കാഗോയില്‍ നിന്നും ന്യൂ യോര്‍ക്കിന് പോകാന്‍ എന്തിനാ വിര്‍ജീനിയ വഴി വരുന്നതെന്ന് ചോദിക്കാന്‍ വര്‍ക്കി തുനിഞ്ഞതാ പക്ഷെ ചോദിച്ചില്ല.
''ഞങ്ങള് നിന്‍റെ വീട്ടിലോട്ട് വന്നാല്‍ ഒരു ബുദ്ധിമുട്ടാകുമോ''
''ആകും'' എന്ന് പറയാനാണ് വര്‍ക്കി ആദ്യം തുടങ്ങിയത് പക്ഷെ സ്‌കൂള്‍ ജീവിതത്തില്‍ മുരളി ചെയ്‌തു തന്ന പല സഹായങ്ങളും ഓര്‍ത്തപ്പോള്‍ അങ്ങനെ പറയാന്‍ തോന്നിയില്ല.
സംഭാ ഷണം പാതി കേട്ടുനിന്ന സുമയെ വര്‍ക്കി നോക്കി...ഞാനെന്ത് ചെയ്യണം എന്ന ഭാവത്തില്‍.
''ഇങ്ങോട്ട് വിളിക്ക്'' സുമ ആംഗ്യം കാട്ടി. മനുഷ്യപ്പറ്റുള്ള സ്‌ത്രീ!
ഫോണ്‍ താഴെ വച്ചപ്പോഴാണ് വീട്ടിലെ അഡ്രസ് കൊടുത്തില്ലല്ലോ എന്നോര്‍ത്തത്. തിരിച്ചു വിളിക്കാന്‍ വര്‍ക്കി കോളര്‍ ഐഡിയില്‍ നോക്കിയെങ്കിലും അടുത്തെങ്ങും വന്ന കോളുകള്‍ ഒന്നും കണ്ടില്ല.
അഡ്രസ് കൊടുക്കാഞ്ഞിട്ടും പത്തു മിനിട്ടിനുള്ളില്‍ മുരളിയും കുടുംബവും എത്തി. വര്‍ക്കിയും സുമയും വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. പിള്ളാര് രണ്ടും നേരത്തെ ഉറങ്ങിയിരുന്നു.
വര്‍ക്കി വെളിയിലേക്ക് നോക്കി, പക്ഷെ മുരളി വന്ന വണ്ടി ഡ്രൈവ് വേയില്‍ എങ്ങും കണ്ടില്ല.
അതിഥികളെ കണ്ട് വീട്ടിലെ പട്ടി വല്ലാതെ കുരയ്‌ക്കുകയും മുരളുകയും മുറുമ്മുകയും ചെയ്‌തു. പക്ഷെ മുരളി ഒരു നോട്ടം നോക്കിയപ്പഴേ അവന്‍ പേടിച്ചു പതുങ്ങി ഒരു മൂലയില്‍ പോയി കിടന്നു.
ഷേക്ക് ഹാന്‍ഡ് കൊടുത്തകത്ത് കയറ്റി. മുരളിയുടെ കൈകള്‍ തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. ഒരു തടിക്കഷണം പോലെ. വെളിയില്‍ നിന്നും വന്നതിനാലാവാം.
''ലഗ്ഗേജ് ഒന്നും...?'' വര്‍ക്കി ചോദിച്ചു.
''ഓ ഒരു രാത്രിയുടെ കാര്യമല്ലേ ഉള്ളു, എന്ത് ലഗ്ഗേജ്''. മുരളി നിസാരമട്ടില്‍ പറഞ്ഞു.
അവര്‍ മുറിയില്‍ പ്രവേശിച്ചപ്പോള്‍ ഒരു പ്രത്യേക ഗന്ധം അവിടാകെ വ്യാപിച്ചു.''
''എന്ത് പെര്‍ഫ്യൂം ആണോ കാര്‍ത്തിക ഉപയോഗിക്കുന്നത്''. സുമ മനസ്സിലോര്‍ത്തു.
വൈശാഖ് നിര്‍വ്വികാരനായി നിന്നല്ലാതെ ഒന്നും സംസ്സാരിച്ചില്ല.
അടുക്കളയില്‍ ഉണ്ടായിരുന്ന ബാക്കി ഭക്ഷണം എല്ലാവര്‍ക്കുമായി വിളമ്പി സുമ ആതിഥേയ മര്യാദ കാണിച്ചെങ്കിലും ആരും ഒന്നും കഴിക്കാന്‍ കൂട്ടാക്കിയില്ല.
ആരേയും കാത്ത് നില്‍ക്കാതെ, ഒന്നും ചോദിക്കാതെയും പറയാതെയും അവര്‍ മൂന്നാളും കിടപ്പു മുറി ലക്ഷ്യമാക്കി നടന്നു...ആരും കാട്ടി കൊടുക്കാതെ. എല്ലാം നിശ്ചയം ഉള്ളതുപോലെ.
*
വര്‍ക്കിക്ക് ഉറക്കം ശരിയായില്ല. മനസ്സില്‍ എന്തോ ഒരു അസ്വസ്ഥത. അവധി ദിവസ്സങ്ങളില്‍ എട്ടുമണി വരെ കിടന്നുറങ്ങുന്ന ആളാ വര്‍ക്കി.
ഇന്നെന്തോ വെളുപ്പിനെ നാലുമണി കഴിഞ്ഞപ്പൊ ഉണര്‍ന്നു. തിരിഞ്ഞും മറിഞ്ഞും കട്ടിലില്‍ തന്നെ കുറേ നേരം കിടന്നു.
പിന്നെ എണീറ്റു.
''ന്യൂസ് കേട്ടാല്‍ അറിയാം പിള്ളാര്‍ക്ക് സ്‌കൂള്‍ ഉണ്ടോന്ന്''
സുമയേം പിള്ളാരേം ഉണര്‍ത്തണ്ടാ എന്ന് കരുതി വര്‍ക്കി പതിയെ അയാളുടെ ഓഫീസ് മുറിയില്‍ പോയി പല്ല് തേച്ച് ഒരു ഇന്‍സ്റ്റന്റ് കോഫി ഉണ്ടാക്കി ഓഫീസ് കസ്സേരയില്‍ ഇരുന്ന് ടി. വി ഓണാക്കി ലോക്കല്‍ ന്യൂസ് വച്ചു. കൂട്ടത്തില്‍ ഫേസ് ബുക്കും. ഇന്നലെ രാത്രി ഇട്ട പോസ്റ്റിന് എത്ര കമന്‍റുകള്‍ കിട്ടീന്ന് അറിയാല്ലോ.
മഞ്ഞു വീഴ്‌ച്ച, റോഡപകടങ്ങള്‍, അടയ്‌ക്കാന്‍ പോകുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റുകള്‍ എന്നിവ ഒന്നിന് പുറകെ ഒന്നായി ന്യൂസ്സില്‍ കാണിച്ചു കൊണ്ടേയിരുന്നു.
''...ഇവര്‍ സഞ്ചരിച്ചിരുന്ന ഇല്ലിനോയ് റെജിസ്റ്റേഷനിലുള്ള വാന്‍ മഞ്ഞില്‍ തെന്നി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കുത്തനെ മറിയുകയായിരുന്നു'' ഇംഗ്ലീഷ് ന്യൂസ് റീഡര്‍ പറഞ്ഞു.
''ഒരാണ്‍കുട്ടി അടക്കം മൂന്ന് യാത്രക്കാര്‍ ആയിരുന്നു വാനില്‍ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു എങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ജി.പ്പി.എസ്സില്‍ സെറ്റ് ചെയ്‌തതനുസ്സരിച്ച് നോക്കുമ്പോള്‍ ഷിക്കാഗോയില്‍ നിന്നും ന്യൂ യോര്‍ക്കിന് പോകുകയായിരുന്നു കൊല്ലപ്പെട്ടവര്‍. മരിച്ചവര്‍ ഇന്ത്യന്‍ വംശജര്‍ ആണെന്നാണ് നിഗമനം.''
''ഇന്നലെ രാത്രി പത്തര മണിയോടെയാണ് അപകടം ഉണ്ടായത്''
വര്‍ക്കി ലാപ്‌ടോപ്പില്‍ നിന്നും തലയുയര്‍ത്തി ടീവിയില്‍ നോക്കി. ആരാണീ ഹതഭാഗ്യര്‍?
വാര്‍ത്തകളില്‍ അപകടസ്ഥലത്തെ ദൃശ്യങ്ങളും മരണപ്പെട്ടവരുടെ ചിത്രങ്ങളും തെളിഞ്ഞു നിന്നിരുന്നു.
മരിച്ചവരുടെ ചിത്രങ്ങള്‍ സ്‌കീനില്‍ തെളിഞ്ഞത് കണ്ട് വര്‍ക്കി ഞെട്ടിത്തരിച്ചു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. കോഫീ ടേബിളില്‍ കയറ്റി വച്ചിരുന്ന കാലുകള്‍ അയാള്‍ അറിയാതെ താഴെ വച്ചു.
മുരളി!
കാര്‍ത്തിക!
പോലീസ് കൊടുത്ത ഒരു കമ്പിളിപ്പുതപ്പ് പുതച്ച് തണുത്തുവിറച്ച് പോലീസ് വാനിന് മുന്‍പില്‍ നിന്ന് എങ്ങലടിക്കുന്ന വൈശാഖ്!
അയാള്‍ തരിച്ചിരുന്നു. തൊണ്ട വരണ്ടു. അപ്പൊ ഇന്നലെ രാത്രി?
എന്ത് ചെയ്യണം എന്നറിയാതെ വര്‍ക്കി ഒരു നിമിഷം പകച്ചു. ഉള്ളില്‍ എന്തോ ഭയം പരക്കുന്ന പോലെ.
ഇത് സ്വപ്‌നമാണോ? ഇന്നലെ ഒരു പെഗ്ഗ് കൂടുതല്‍..ഛെ!
അയാള്‍ സ്‌ക്രീനില്‍ നോക്കി പകച്ചിരുന്നു. ഒരു പക്ഷെ അവരൊക്കെ വന്നൂന്ന് വേണേല്‍ സ്വപ്‌നം കണ്ടതാവാം.
''നിങ്ങടെ കൂട്ടുകാരന്‍ വെളുപ്പിനെ തന്നെ പോയോ? മുറീലെങ്ങും കാണുന്നില്ലല്ലോ.''
രണ്ടുകൈയും കൊണ്ടു മുടി വാരിക്കെട്ടി ഉറക്കം തീരാത്ത കണ്ണുകളോടെ സുമ മുറിയിലേക്ക് വന്നു.
അപ്പൊ സുമയും കണ്ടു. സ്വപ്‌നമല്ല.
വര്‍ക്കി ഞെട്ടിത്തരിച്ച് കസ്സേരയില്‍ നിന്നെഴുന്നേറ്റ് മുരളിക്ക് ഉറങ്ങാന്‍ കൊടുത്തിരുന്ന മുറി ലക്ഷ്യമാക്കി പാഞ്ഞു.
കതക് പാതി തുറന്നിട്ടിരിക്കുന്നു. വര്‍ക്കി മുറിയിലേക്ക് എത്തിനോക്കി. ആരോ കിടന്നുറങ്ങിയത് പോലെ മെത്തയും ഷീറ്റും തലയിണയും അലസ്സമായി കിടക്കുന്നു.
മുറിയില്‍ ഒരു പ്രത്യേക ഗന്ധം. സാമ്പ്രാണി തിരികള്‍ കത്തിച്ച പോലെ.
അന്ധാളിപ്പ് തീരാതെ വര്‍ക്കി മുറിക്കുള്ളിലേക്ക് പതിയെ കയറി. അയാള്‍ വീണ്ടും ഞെട്ടി.
ഒന്നും അറിയാതെ വൈശാഖ് കട്ടിലില്‍ സുഖമായി ഉറങ്ങുന്നു...
വര്‍ക്കി തിരിഞ്ഞു നോക്കി പക്ഷെ അപ്പോഴേക്കും സുമ അടുക്കളയില്‍ എത്തിയിരുന്നു.
മുരളി സമ്മാനിച്ചിട്ട് പോയ മകനെ നോക്കി ഇനിയെന്ത് എന്നറിയാതെ വര്‍ക്കി നിന്നു.
പോൾ ചാക്കോ, ന്യുയോർക്ക്